കസേര
ഒരു ഉത്സവപ്പറമ്പിൽ നാടകം കാണാൻ നിരത്തിയിട്ട കസേരകളിൽ ഒന്നിന്റെ നാല് കാലുകൾ തമ്മിലുള്ള സംഭാഷണം.
കാൽ 1: ഇത് ഇനി എപ്പോ തീരുമെടെയ്..
കാൽ 2: അത് തന്ന.. കുറേ നേരമായി എന്തൊരു ദുരന്തമാണ്..ഹോ..
കാൽ 3: ഒന്നൊന്നര മണിക്കൂർ ആയില്ലേ.. തീരാറായി എന്നു തോന്നുന്നു..
കാൽ 1: (കാൽ 3 യോട്) നിനക്ക് എന്ത് അളിയാ ഒരു വിഷമം..
കാൽ 3: (ദേഷ്യവും വേദനയും കലർന്ന സ്വരത്തിൽ) പുറകിൽ ഇരിക്കുന്നവന്റെ മടിയിൽ ഇരിക്കണ നരുന്തു ചെക്കൻ എന്റെ നടുവിനിട്ടു തട്ടാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയടെ.. ഊഫ്..
കാൽ 2: ഓ.. ഇവിടെ നമ്മള് താങ്ങുന്ന പേട്ടു കേളവൻ അങ്ങേരുടെ കാലിലെ വരട്ടു ചൊറി കൊണ്ടു എന്റെ മേലിൽ ഇട്ടു ഉരയ്ക്കാൻ തുടങ്ങിയിട്ടു നേരം കുറേ ആയി..
കാൽ 1: (ക്ഷമ നശിച്ച്) ഡെയ് എനിക്ക് വയ്യ.. ഇന്നലത്തെ നാടകം കഴിഞ്ഞു അടുക്കി വച്ചപ്പോ ചെറുതായിട്ടു ഒരു തട്ടു കിട്ടി.. നല്ല വേദനയുണ്ട്...
കാൽ 2: (ഒന്നും മിണ്ടാതെ നിൽക്കുന്ന കാൽ 4 നെ നോക്കി) ഇവനിത് എന്ത് പറ്റി.. ഒന്നും മിണ്ടണില്ലലോ...
കാൽ 3: (കളിയാക്കുന്ന സ്വരത്തിൽ) ഓ അവനു സുഖമല്ലേ.. അവൻ നിക്കണ ഭാഗത്ത് നല്ല പച്ച പുല്ല് അല്ലെ.. നല്ല സുഖം.. കാണും... തണുപ്പ് ഒക്കെ അല്ലെ...(ചിരിക്കുന്നു)
[കാൽ 4 ഇതൊക്കെ കേട്ടിട്ടും ഒന്നും മിണ്ടീല]
കാൽ 1: ഡെയ് ചുമ്മാതിരിക്ക്.. അവൻ നാടകം കാണുവാ..
കാൽ 2: ഓ അല്ലേലും ഈ ദുരന്ത നാടകങ്ങൾ ഒക്കെ അല്ലെ അവനു പിടിക്കു..
[എല്ലാരും കാൽ 4 നെ കളിയാക്കി ചിരിക്കുന്നു]
കാൽ 4: (സഹികെട്ട്) നീയൊക്കെ നിന്റെ വേദനയിൽ വിഷമിച്ചു ഇരിക്കെ അല്ലെ.. ഞാനിവിടെ ഒരു ജീവനെ കൊന്നിട്ട് ഇരിക്കുവാ.. അതിന്റെ ഹൃദയമിടിപ്പ് നിലച്ചതിന്റെ ശബ്ദം കേട്ടു നെഞ്ചു പിടഞ്ഞു ഇരിക്കുവാ...
[പെട്ടെന്നു നാടകം തീർന്നു കർട്ടൻ ഇട്ടു. ആളുകൾ എഴുന്നേറ്റു കസേരകൾ നീക്കി തുടങ്ങി. നേരത്തെ പറഞ്ഞ കേളവനും എഴുന്നേറ്റു കസേര നീക്കി. കാൽ 4 നിന്ന ഭാഗത്ത്, ചൂടു കാരണം പുല്ലിന്റെ ഇടയിൽ തണുപ്പിനായി കയറിയ ഒരു പാമ്പിൻ കുഞ്ഞിന്റെ തല ചതഞ്ഞു അരഞ്ഞു കിടപ്പുണ്ടായിരുന്നു.
ആ കസേരയുടെ കാലുകളിലേക്ക് മറ്റു കസേരകളുടെ കാലുകൾ വന്നു അമർന്നുകൊണ്ടേയിരുന്നു...
- ഋതു