Wednesday, 1 January 2025

ഓർമ്മകൾക്ക് മുകളിൽ ഓർമ്മകളെ പ്രതിഷ്ഠിക്കുമ്പോൾ…


ഓർമ്മകൾക്ക് മുകളിൽ ഓർമ്മകളെ പ്രതിഷ്ഠിക്കുമ്പോൾ



മാനസിക ട്രോമകൾക്ക് എല്ലാം കാരണം ഓർമ്മകൾ ആണെന്ന് തോന്നാറുണ്ട്. നല്ല ഓർമ്മകൾ ഗൃഹാതുരത്വമായി അവശേഷിച്ച് ചിരിയ്ക്കൊപ്പം മനസ്സ് നിറയ്ക്കുമ്പോൾ ചില ഓർമ്മകൾ ശ്വാസോച്ഛ്വാസത്തിന്റെ ഗതികളെ നിയന്ത്രിച്ച് നെഞ്ച് പൊള്ളിക്കാറുണ്ട്.


വിഷമങ്ങൾ പറയുന്ന മനുഷ്യരെ കേട്ടിരിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അവർ പറയാറുള്ളതും അത്തരത്തിലുള്ള ഓർമ്മകളെ കുറിച്ചാണ്. മറ്റുള്ളവർ നിസാരവൽക്കരിക്കുന്ന കുട്ടിക്കാലത്തെ ബോഡി ഷെയ്മിങ് തമാശകൾ, കൗമാര കാലത്തെ ദുരനുഭവങ്ങൾ, യൗവനത്തിലെ പ്രണയ കയ്പ്പുകൾ. എല്ലാത്തിനും അടിസ്ഥാനം ഓർമ്മകളാണെന്ന് ഓരോ കഥകളും ഓർമ്മിപ്പിക്കാറുണ്ട്. 


പ്രണയ കയ്പ്പിന്റെ വൃണങ്ങളിൽ മരുന്ന് വച്ച് ഞാൻ മുന്നോട്ട് നടന്നപ്പോഴും അവശേഷിപ്പുകളായി കൂടെ വന്നത് ഓർമ്മകളാണ്. അത് സാഹചര്യങ്ങൾക്ക് അനുസരിച്ച് ഹൃദയ ഭിത്തികളിൽ മുറിവുകൾ തന്നുകൊണ്ടേയിരിക്കും. ശ്വാസോച്ഛ്വാസങ്ങളെ നിയന്ത്രിക്കുകയും ചെയും. ചിന്തകൾ ബന്ധിക്കപ്പെടുമ്പോൾ ദുർബലമായ മനസ്സ് ദുർചിന്തകളിലേയ്ക്ക് വഴി നയിച്ച ഏതോ ഒരു നിമിഷത്തിൽ തിരിച്ചറിഞ്ഞൊരു കാര്യമുണ്ട്. കൊഴിഞ്ഞുപോയ മനോഹരമായ ഓർമ്മകൾ ഒരു ബാധ്യതയായി നമ്മളെ പിന്തുടരുന്നുണ്ടെങ്കിൽ, ഓർമ്മകൾ ഉണ്ടായ സാഹചര്യങ്ങളിൽ തന്നെ അതിനും മുകളിലുള്ള മനോഹരമായ ഊഷ്മളമായ ഓർമ്മകൾ നെയ്തെടുക്കുക. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലായെന്ന് പലരും പറയാറുണ്ട്. വേദനകൾ പകരുന്ന ഓർമ്മകൾക്ക് മുകളിൽ നിർമ്മലായ ചിരി പകരുന്ന മനസ്സ് നിറയ്ക്കുന്ന ഓർമ്മകൾ അടുക്കി വയ്ക്കുമ്പോൾ അതൊരു ആലങ്കാരികമായ വിശേഷണമല്ല എന്ന് നമ്മൾ തിരിച്ചറിയും. 


അതെ, ഓർമ്മകൾക്ക് മുകളിൽ ഓർമ്മകൾ പ്രതിഷ്ഠിക്കപ്പെടണം. ബാധ്യതകളായവയ്ക്കും വേദനകളായവയ്ക്കും മുകളിൽ പ്രതിഷ്ഠിച്ച് അതിൽ ചവിട്ടി നിൽക്കുമ്പോൾ ഓർമ്മകളാൽ ഏറ്റ മുറിവുകൾ എല്ലാം ഭേദപ്പെട്ടിട്ടുണ്ടാകും, പൊള്ളലുക്കൾക്ക് മുകളിൽ പുതിയ പേശികൾ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടാകും. ഒടുവിൽ മനസ്സ് നിറഞ്ഞൊന്ന് ചിരിക്കാൻ സാധിക്കും. ചിരിയിൽ കണ്ണിൽ രണ്ട് തുള്ളികൾ ഉടലെടുത്ത് ഉള്ളിലെ ഭാരങ്ങളെല്ലാം ഒരു നിലാപക്ഷത്തോളം ലഘുവായി മാറിയിട്ടുണ്ടാകും


- ഋതു 

No comments:

Post a Comment