Thursday, 1 August 2019

ക്ലാര എന്ന ഒറ്റമഴയിൽ ഒലിച്ചുപോയ രാധ


ക്ലാര എന്ന ഒറ്റമഴയിൽ ഒലിച്ചുപോയ രാധ

"എന്തായാലും വന്നില്ലേ... വന്നു പോയില്ലേ..
ഇനി വന്നാലും ജയേട്ടൻ കാണാൻ പോകാണ്ടിരുന്നാ മതി..
പോവില്ല...!!..
പോവോ....??..!!"

എന്ന് രാധ ചോദിച്ചു നിർത്തുമ്പോൾ ജയകൃഷ്ണന് ഉത്തരമില്ല.. താൻ സ്നേഹിക്കുന്ന പുരുഷന്റെ നെഞ്ചിൽ തന്നെക്കാളേറെ ആഴത്തിൽ പതിച്ച ക്ലാരയെന്ന പെരുമഴയെ തനിക്ക് പറിച്ചുകളയാനാകില്ല എന്നറിയാമെങ്കിലും.. ആ ചോദ്യത്തിൽ ജയേട്ടൻ രാധയുടേത് മാത്രമാകണമെന്നുള്ള ഒരു പെണ്ണിന്റെ വിങ്ങൽ തളം കെട്ടി കിടപ്പുണ്ട്.

പപ്പേട്ടന്റെ തിരക്കഥയിൽ രാധയ്ക്ക് വേണ്ടി ശ്രേഷ്ഠമായ സംഭാഷണ ശകലങ്ങളില്ല, നഷ്ടപ്രണയത്തിന്റെ അനശ്വരതയില്ല.. പകരം ഒരായിരം സ്നേഹചുംബനങ്ങളുടെ കഥ പറയുന്ന നെഞ്ചിടിപ്പിന്റെ താളമറിയാവുന്ന കണ്ണുകളുടെ ക്ലോസപ്പ് ഷോട്ടുകളിങ്ങനെ നിറഞ്ഞ് നിൽക്കുന്നുണ്ട്...

രാധയ്ക്ക് വേണ്ടി ജയകൃഷ്ണനെ വിട്ടുകൊടുക്കുന്ന ക്ലാര മാസ്സ് ആണെങ്കിൽ.. തന്നെ വിവാഹം ചെയ്യാൻ പോകുന്നയാളുടെയുള്ളിൽ ഒരിക്കലും കെടുത്താനാകാത്ത ക്ലാര എന്ന കനൽ എരിയുന്നു എന്നറിഞ്ഞിട്ടും ക്ലാരയുമായുള്ള അവസാന കൂടി കാഴ്ചയ്ക്ക് ജയകൃഷ്ണനെ പറഞ്ഞു വിടുന്ന രാധ മരണ മാസ്സ് ആണ്. വലിയ മനസ്സ് ആണ് അവൾക്ക്.. അത്രയ്ക്കൊന്നും ക്ലാര നീറിക്കാണില്ല..

മനുഷ്യൻ എന്നും ഓർത്ത് കരയാനും ചിരിക്കാനും ആഗ്രഹിക്കുന്നത് തന്റെ നഷ്ടങ്ങളേയായിരിക്കും. പക്ഷെ വല്ലപ്പോഴും ആ നഷ്ടങ്ങൾക്കിടയിൽ പ്രണയങ്ങൾ തന്ന് കൂടെ കൂടിയവരേയും ഓർക്കണം..
രാധയെപ്പോലെ...

മുപ്പത്തിരണ്ട് വർഷങ്ങൾ പൂർത്തിയാകുന്ന ഇന്ന് തൂവാനത്തുമ്പികൾ വീണ്ടും കാണുമ്പോൾ ക്ലാരയും രാധയും രണ്ടല്ല, മറിച്ച്‌ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്ന തിരിച്ചറിവാണ് എനിക്കുണ്ടായത്..

അനശ്വര സംഭാഷണങ്ങൾ കൊണ്ട് ക്ലാരയേയും കുറുമ്പും വാശിയും ഒരിത്തിരി അസൂയയുമൊക്കെ നിറച്ച ഗംഭീര ഫ്രെയിമുകൾ കൊണ്ട് രാധയേയും അസാധ്യമായി ആലേഖ്യം ചെയ്തു വച്ചിട്ടുണ്ട് പത്മരാജൻ എന്ന ലെജൻഡ്... ❤

- ഋതു