Tuesday, 2 April 2024

റാം c/o ആനന്ദി


റാം c/o ആനന്ദി



"ചെന്നൈ ഉങ്കളെ അൻപുടൻ വരവേക്കിറത്"

അത്രമേൽ പോകാനാഗ്രഹിക്കുന്ന, സിനിമയുടെ ഈറ്റില്ലമായ ചെന്നൈ നഗരത്തെ വിശേഷിപ്പിച്ചു കൊണ്ട് തുടങ്ങുന്ന കഥയുടെ ആദ്യ പേജ് കഴിയുമ്പോൾ തന്നെ ചെന്നൈ നമ്മളെ വരവേൽക്കും. അത്രമേൽ ഭംഗിയോടെയാണ് നഗരത്തെ ഓരോ വരികളിലും വരച്ചിട്ടിരിക്കുന്നത്.


വായിച്ചുകണ്ണ് നിറഞ്ഞുകരഞ്ഞു


2020- സുഹൃത്ത് ആദിൽ സജസ്റ്റ് ചെയ്ത പുസ്തകമായിരുന്നുറാം c/o ആനന്ദി”. ചില സിനിമകളും പുസ്തകങ്ങളും നമ്മുടെ തൊട്ട് അടുത്ത് ലാപ്ടോപ്പിലോ ഷെൽഫിലോ ഉണ്ടെങ്കിലും നമ്മളിലേക്ക് എത്താൻ, അല്ലെങ്കിൽ നമ്മളതിനെ നമ്മിലേക്ക് അടുപ്പിക്കാൻ എന്തോ ചില കാരണങ്ങൾ കൊണ്ട് മടിക്കും. അങ്ങനൊന്നായിരുന്നുറാം c/o ആനന്ദി”.


മല്ലിയും ആനന്ദിയും വെട്രിയും രേഷ്മയും പാട്ടിയും മനസ്സ് നിറയ്ക്കുമ്പോൾ, എല്ലാവരാലും ആഘോഷിക്കപ്പെടുമ്പോൾ എന്റെ മനസ്സ് ഉടക്കിയത് റാമിൽ ആയിരുന്നു എന്റെ കണ്ണ് നിറഞ്ഞതും റാമിന് വേണ്ടിയായിരുന്നു. നഷ്ടപ്പെട്ടതെല്ലാം അവന് മാത്രമായിരുന്നു. കാത്തിരിപ്പിനോളം വല്യ ത്യാഗമൊന്നും അവനോളം മറ്റാരും ചെയ്തിട്ടുണ്ടെന്ന് തോന്നിയുമില്ല. ഒരുത്തർക്കു ഒരുത്തർ എന്ന നിലയിൽ രേഷ്മയുടേയും വെട്രിയുടെയും കഥയും ബാക്കി എല്ലാവരോടൊപ്പവും ചേർത്ത് വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നു. പുസ്തകം സിനിമയാകുമ്പോൾ തിയേറ്റർ കരഘോഷം കൊണ്ട് നിറയ്ക്കാൻ രേഷ്മയ്ക്ക് വേണ്ടി നില കൊണ്ട വെട്രിയുടെ സീനുണ്ടാകും…❤️


റാം c/o ആനന്ദി രണ്ടാഴ്ചകൾക്ക് മുൻപേ വായിച്ചു തീർന്നെങ്കിലും ജോലി തിരക്കുകൾ കാരണം എഴുതാൻ സാധിച്ചിരുന്നില്ല. ഇന്ന് പുസ്തകത്തിനെ പറ്റി എഴുതുമ്പോൾ ഉള്ളിൽ ഒരു നീറ്റലുണ്ട്. ഒരു മനുഷ്യന്റെ ജീവിതമായ പുസ്തകത്തിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളെ കുറിച്ചും അതിന്റെ പേരിൽ എഴുത്തുകാരൻ അനുഭവിക്കുന്ന മാനസിക വ്യഥകളുമാണ് കഴിഞ്ഞ ആഴ്ചകളായി സോഷിയൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. 


അഖിലിന്റെ പുസ്തകം ഇഷ്ടപ്പെടാത്ത ഒട്ടനവധി ആളുകൾ ഉണ്ടാകും. വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങൾക്ക് സധൈര്യം വിളിച്ചു പറയാൻ കഴിയുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഫോണിലും മറ്റുമായി സമയം കളഞ്ഞിരുന്നവർ പുസ്തകം കാരണം വായനയുടെ രസം പിടിച്ച് മറ്റ് പുസ്തകങ്ങളിലേക്ക് ചേക്കേറുന്നത് എന്ത് മനോഹരമാണ്. ഒരു സമൂഹം മുഴുവൻ വായനക്കാരെ കൊണ്ട് നിറയുക എന്നാൽ, മനസ്സുകളിൽ എല്ലാം അത്രത്തോളം ചിന്തകളും ഭാവനകളും ഉടലെടുക്കുന്നു എന്നതാണ്. അതിൽ നിന്ന് എത്രയോ പേർക്ക് പേനയും പേപ്പറും എടുത്ത് മലയാള ഭാഷ കുറിക്കാൻ തോന്നിയാൽ അതിലും ഭംഗിയുള്ള മറ്റെന്തുണ്ട്.


"വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, 

വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും."


റാം c/o ആനന്ദി പുസ്തകം മുഴുവൻ സ്കാൻ ചെയ്ത് pdf ആക്കി വാട്സാപ്പ് ടെലിഗ്രാം ഗ്രൂപ്പിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് എന്താണ് അതിൽ നിന്നുണ്ടാകുന്ന രതിമൂർച്ച എന്ന് മനസ്സിലാകുന്നില്ല. ഒരു മനുഷ്യന്റെ കഷ്ടപ്പാടിനെയും ജീവിതത്തെയും വില കല്പിക്കാത്ത എന്ത് സന്തോഷമാണ് ഉണ്ടാകുന്നതെന്നും മനസ്സിലാകുന്നില്ല. പുതിയ എഴുത്തുകാരെ ചേർത്ത് പിടിച്ച് പ്രോത്സാഹിപ്പിച്ച് ഇനി വരാൻ പോകുന്ന അനേകം എഴുത്തുകാർക്ക് പ്രജോദനമാകാതെ, എന്തിനാണ് അസഹിഷ്ണുത.


അഖിൽ മനുഷ്യാ നിങ്ങൾക്കൊപ്പമുണ്ട് ഞാനടങ്ങുന്ന വായനയെ സ്നേഹിക്കുന്ന ഒത്തിരിപ്പേർ. ഇനിയും നിങ്ങളുടെ അനേകം അനേകം പുസ്തകങ്ങൾക്കായി കാത്തിരിക്കുന്നു..

ഒപ്പം... 'ഉമ്മകൾ…' അത്രമേൽ മനോഹരമായൊരു പുസ്തകം നൽകിയതിന്…❤️

സിനിമ എത്രത്തോളം എഴുത്തിനൊപ്പം നിൽക്കും എന്നറിയില്ല. ഇനി എഴുത്തിനൊപ്പം നിന്നാൽ സംഭവം കളർ ആകും. വെള്ളിവെളിച്ചത്തിൽ റാമിനേയും മല്ലിയേയും ആനന്ദിയേയും പാട്ടിയേയും രേഷ്മയേയും വെട്രിയേയും ചെന്നൈയുടെ തിരുനങ്കൈകളെയും കാണാൻകാത്തിരിക്കുകയാണ്❤️


 ⁃ അരവിന്ദ്  ജി എസ്സ്

- ഋതു