മണിച്ചിത്രത്താഴ്
ആദ്യമായി ഈ പടം ടിവിൽ കാണുമ്പോൾ, 93ൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയിൽ ഹൗസ്ഫുൾ ഷോയിൽ പടം തിരുവനന്തപുരം തമ്പാനൂർ ശ്രീകുമാർ തിയേറ്ററിൽ കണ്ട ഓർമ്മ അമ്മ പറയുമായിരുന്നു. അമ്മയുടെ ഒക്കെ ഭാഗ്യം എന്ന് ആലോചിച്ച് ഒരു നിശ്വാസത്തോടെ ടിവിയിൽ മലയാളത്തിലെ ലെജന്റ്സ് നിറഞ്ഞാടുന്നത് ആസ്വദിക്കാറുണ്ടായിരുന്നു. മോഹൻലാൽ എന്ന മനുഷ്യനോടും നടനോടും ആരാധന തോന്നി തുടങ്ങിയതിൽ മണിച്ചിത്രത്താഴ് വഹിച്ച പങ്ക് ചെറുതല്ല. 31 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയറ്ററിൽ റീ റിലീസ് ചെയ്യുമ്പോൾ പണ്ട് ടിവിയിൽ കണ്ട എന്റുള്ളിലെ കുട്ടിയെ ആണ് സന്തോഷിപ്പിച്ചത്. ആ സിനിമാ ഓർമ്മയേ ആണ് തൃപ്തിപ്പെടുത്തിയത്.
OTT കാഴ്ച്ചയിലും തിയേറ്റർ കാഴ്ച്ചയിലും എന്തോരം വ്യത്യാസം ഉണ്ടെന്ന് ഈ പടം കാണുമ്പോൾ മനസിലാവും. ഒരു ചെറുപുഞ്ചിരിയോടെ ടിവിയിൽ കണ്ട് സീനുകൾ ഒക്കെ തിയേറ്ററിന്റെ ഓളത്തിൽ ചിരിയുടെ പൂരപറമ്പ് സൃഷ്ടിക്കുകയായിരുന്നു.
നമ്മെ വിട്ടുപോയ മഹാനായവർ എല്ലാം നിറഞ്ഞാടുന്നത് തിയറ്റർ സ്ക്രീനിൽ കാണുമ്പോൾ അവരെയൊക്കെ പകരം വയ്ക്കാൻ ഒരുത്തനും ഇനി പിറക്കാൻ പോകുന്നില്ല എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ.
സംവിധാനം ഫാസിൽ എന്ന് എഴുതി കാണിച്ച് തിയറ്റർ സീറ്റിൽ നിന്ന് എണീക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു…❤️