Saturday, 30 July 2022

HUG

മനസ്സ് നുറുങ്ങി പുറമെ ചിരിച്ചു നിൽക്കുമ്പോൾ അത് മനസിലാക്കി ആരെങ്കിലും കെട്ടിപിടിച്ചിട്ടുണ്ടോ ?

കല്ല് പെറുക്കി കൂട്ടിയിട്ടപോലെ ഭാരം നെഞ്ച് കനപ്പിച്ചിട്ടുണ്ടോ ?

ആ കെട്ടിപിടിയിൽ ഭാരമിങ്ങനെ കണ്ണിൽ ഉപ്പുരസം പകർന്ന് അലിഞ്ഞിറങ്ങിയിട്ടുണ്ടോ ?


ശെഷം,

ഒരു ദീർഘ നിശ്വാസത്തിനപ്പുറം ഒന്ന് പുഞ്ചിരിക്കാനാകും...

ഉള്ളൊന്ന് തെളിഞ്ഞെന്ന് തോന്നും...

അല്പനേരത്തേക്കെങ്കിലും...


ചില കെട്ടിപ്പിടിത്തങ്ങൾ അങ്ങനെയാണ്.

കല്ലുകളിൽ കെട്ടിപ്പടുത്ത ഭാരങ്ങളെ ഉപ്പുരസം പോലെ അലിയിച്ചു കളയാനുള്ള കെൽപ്പുണ്ടാകും...

പുഞ്ചിരി പകരാനുള്ള കണികയുണ്ടാകും...

Saturday, 9 July 2022

കഥ

 കഥ 

ഒരിടത്തൊരിടത് ഒരു കഥയുണ്ടായിരുന്നു.

 കഥയ്ക്കിരിക്കാൻ ഒരു കടലാസ് വേണമായിരുന്നു.

 കഥയേ കടലാസിലിരുത്താൻകടലാസിന് ഒരു പേന വേണമായിരുന്നു.

 പേന കടലാസിലേക്ക് മഷി ചുരത്താനാരംഭിച്ചു.

 മഷി കടലാസിനോടടുക്കാൻ കൂട്ടാക്കിയില്ല.

 കടലാസ് മഷിയോട് കേണു.

 കടലാസ് പേനയോട് കേണു.

 കടലാസ് കഥയോട് കേണു.

'കഥ'

കഥ യെ കാണ്മാനില്ല.

കടലാസ് കഥയേ തിരഞ്ഞു.

തിരഞ്ഞ് തിരഞ്ഞ് മനസിന്റെ അടുത്ത് എത്തികഥയേ ആരാഞ്ഞു...

അപ്പോഴേയ്ക്കും കഥ മനസ്സ് വിട്ട് മറഞ്ഞിരുന്നു...


- ഋതു 

Monday, 16 May 2022

എന്റെ ഉറക്കമില്ലാത്ത രാത്രികൾ...

എന്റെ ഉറക്കമില്ലാത്ത രാത്രികൾ...

ഉറക്കമില്ലാത്ത രാത്രികളിൽ ആഴത്തിലേക്ക് നീളുന്ന ഭൂതകാല വേരുകളുടെ തുഞ്ചത്തെ നിമിഷങ്ങളുടെ മധുരമിങ്ങനെ കൂനനുറുമ്പുകൾ  കൂട്ടത്തിൽ നുണയുമ്പോൾ, ഏഴുതി പൂർത്തിയാക്കാത്ത എന്റെ കഥയിലെ എപ്പോഴോ മറന്നുപോയ അവളുടെ ചിരിയും, വിളിക്കാൻ മറന്നുപ്പോയ പേരും, ഹൃദയഭിത്തിയിൽ ചോരയൊലിക്കാനും പാകത്തിൽ മുറിവുകൾ നിറയ്ക്കുമ്പോൾ, എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.


ഉറക്കമില്ലാത്ത രാത്രികളിൽ ജനലിൽ കൂടി അരിച്ചിറങ്ങുന്ന മാമ്പൂ മണമുള്ള കാറ്റ് വിയർപ്പുതുള്ളികളെ തണുപ്പിച്ചു അസ്വസ്ഥത പകർന്ന് മുറി നിറയുമ്പോൾ,  

തൊട്ട് അടുത്തുള്ള റെയിൽവേ പാലത്തിന്റെ ശീൽകാരം ഓർമിപ്പിക്കും വിധം കറങ്ങുന്ന ഫാനും അതിനെ വക വയ്ക്കാതെ തൊലി തുളച്ചു രക്തം ഊറുന്ന കൊതുകും യദേഷ്ടം അവരുടെ പണികളിൽ മുഴുകുമ്പോൾ, തിരിഞ്ഞും മറിഞ്ഞും ശരീരമാസകലം വേദന അരിച്ചിറങ്ങി വീങ്ങി വീർത്ത കണ്ണിൽ ഉറക്കത്തിന്റെ ലാഞ്ചന പോലും പകരാതെ ഇരുട്ട് മാത്രം...

ഇരുട്ടിന്റെ വെളിച്ചം മാത്രം...

അപ്പോഴേക്കും തലച്ചോറ് തുളച്ചു അടുത്ത ട്രെയിൻ കടന്നു പോയിട്ടുണ്ടാകും...


ഉറക്കമില്ലാത്ത രാത്രികളിൽ...

മധുരിക്കും ഓർമ്മകളെ മലർ മഞ്ചൽ കൊണ്ട് വരൂ...

ചിന്തകളുടെ ചവറ്റുകുട്ടകളിലേക്ക് ഒരു അക്ഷരം പോലും പെറുക്കിയിടാനാകാത്ത രാത്രി...ബീഡിപുകയിൽ ചുമച്ചു കണ്ണ് നിറയുമ്പോഴും, എഴുതാനാകാത്ത അനേകം വാക്കുകൾ തലച്ചോറിൽ വിമ്മിപൊട്ടുന്നു...


ഉറക്കമില്ലാത്ത രാത്രികളിലൊന്നിൽ ശീതികരിച്ച ബസ്സിലെ തണുത്ത കാറ്റേറ്റ് കണ്ണിമവെട്ടാതെ, അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങളും തെരുവുവിളക്കുകളും, പണ്ട്  ഹൈസ്കൂളിലെ ക്ലാസ്സ്മുറിയിൽ; കുതിരക്കുളമ്പടികളിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ കണ്ണുകളിലേക്ക്  മായാജാലം കാട്ടി തന്നവയെ കുറിച്ചുള്ള പ്രിയപ്പെട്ട മാഷിന്റെ ക്ലാസ് കൗതുകത്തോടെ കേട്ടിരുന്ന എന്നിലെ കുട്ടിയെ ഇക്കിളികൂട്ടി ചുണ്ടിൽ ഒരു പുഞ്ചിരി സമ്മാനിച്ചു...

കൈവിട്ടുപോയിട്ടില്ല എന്ന് ഓർമിപ്പിച്ചു...

അതെ, ഒടുവിൽ ഉറക്കമില്ലാത്ത രാത്രികളിലൊന്ന് എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു...


മഴ പാതി പെയ്തൊഴിഞ്ഞൊരു രാത്രിയുടെ അവസാനത്തിൽ ഏഴുതി പൂർത്തിയാകാത്ത കഥയുടെ പുതിയ വഴിത്തിരിവുകൾ രചിച്ച 'പകൽ വെളിച്ചം', കണ്ണിൽ; മഴയത്ത് നനഞ്ഞ് കുതിർന്ന അപ്പുപ്പൻ താടിയെന്നോളം തണുപ്പ് പകർന്ന്, ഉറക്കമില്ലാത്ത അനേകം രാത്രികൾക്കൊടുവിൽ ആ പകൽ വീണ്ടുമെനിക്കൊരു നനവാർന്ന ഉറക്കം സമ്മാനിച്ചു...


- ഋതു