Fear of losing people
നീ എന്താ ഈ കഥയ്ക്ക് അങ്ങനൊരു പേരിട്ടേ ?, Fear of losing people… ആളുകളേ നഷ്ടപ്പെടുമോ എന്ന ഭയം ?
എന്താ ഉദേശിച്ചത് ?
നെഞ്ചത്ത് തല ചായ്ച്ചു കിടന്ന് അവന്റെ പൂർത്തിയാകാത്ത പുതിയ കഥ യുടെ വരികൾ, വെട്ടി തിരുത്തലുകൾക്കിടയിൽ നിന്ന് ചികഞ്ഞു വായിക്കുകയായിരുന്നു അവൾ.
ചോദ്യത്തിന് മറുപടിയായി പുഞ്ചിരിച്ചൊരു നിശ്വാസം മാത്രം കേട്ട് അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി.
'എന്തേയ് മറുപടി ഇല്ലേ' ?
'എഡോ, മനസ്സിൽ തോന്നുന്ന ഒക്കെ കുത്തി കുറിക്കുന്ന ആണെടോ'... അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
'ഇയ്യട…എന്നോടോ ബാലാ...'
അവൾ നെഞ്ചത്ത് നിന്ന് മുഖം പൊക്കി അവന്റെ അമ്മിഞ്ഞയിൽ ഒരു നുള്ള് കോടുത്തിട്ട്...
'മോനെ പറ... കഥ പറ...'
അവൾ വിടാൻ ഉദ്ദേശമില്ല എന്ന് മനസിലാക്കി അവൻ ശ്വാസം ഉള്ളിലേക്ക് എടുത്തു..
'ഹ് മ്..'
'ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് ചോദിക്കുകയുണ്ടായി..'
'നിനക്ക് ഏറ്റവും പേടിയുള്ളത് എന്താണ് എന്ന്..'
'ഇരുട്ട്, ഉയരം, വെള്ളം, തീ...'
"ഉയരം...'
'എനിക്ക് ഉയരം പേടിയാണ്...' അവൾ ഇടയ്ക്ക് കയറി.
അവൻ ഒന്ന് ചിരിച്ചിട്ട്; 'എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഉയരമാണ്...'
കിതച്ച് കിതച്ച്...നടന്നടുത്ത വഴികളിൽ എല്ലാം നേടി ഉയരത്തിൽ ചെന്നെത്തുമ്പൊൾ കാണുന്ന ഭംഗി മറ്റൊന്നിനുമില്ലെടോ...
'ഓ മതി...താങ്കൾക്ക് എന്താണ് പേടി എന്ന് പറയുവോ..?..'
അവൾക്ക് അവന്റെ സാഹിത്യം ദഹിച്ചില്ല.
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..
'fear of losing people'
‘കൂടെ ഇരുന്നും സ്നേഹിച്ചും നിമിഷാർദ്ധങ്ങൾ പങ്കു വച്ചും പറഞ്ഞതും പറയാത്തതുമായ അനേകം കഥകൾ ബാക്കി വച്ച് എപ്പോഴോ എന്നിലേക്ക് നടന്നടുത്ത മനുഷ്യരുടെ പ്രതീക്ഷിക്കാതെയുള്ള ഇറങ്ങിപ്പോക്ക്...
അതിനേക്കാൾ എന്നെ ഭയപ്പെടുത്തുന്ന ഒന്നും തന്നെ ഈ ഭൂമിയിൽ ഇല്ല...’
അവന്റെ കണ്ണുകളിൽ നനവ് പടർന്നു.
അതുവരെ ജീവിതത്തിലേക്ക് കയറി വന്ന് പ്രതീക്ഷിക്കാതെ ഇറങ്ങി പോയവരുടെ മുഖങ്ങൾ കണ്ണിൽ നീറ്റൽ പകർന്നതാവണം...
'എനിക്ക് വിഷമം വരാറുണ്ട്'
'പക്ഷെ പേടിയൊന്നുമില്ല...' 'പോകുന്നോർ അങ്ങ് പോട്ടെ നമ്മളെ വേണമെന്നുള്ളോരും നമ്മളുമായി സ്നേഹം പങ്കിടണം എന്നൊക്കെയുള്ളവർ നിൽക്കില്ലേ...?'
അവളുടെ ആ ചോദ്യത്തിന് അവന് മറുപടിയില്ലായിരുന്നു...
"തലച്ചോർ കൊണ്ട് ചിന്തിക്കുന്നവർക്ക് അങ്ങനെയൊരു വീക്ഷണം ഉണ്ടായിരിക്കാം...മനസ്സ് കൊണ്ട് ചിന്തിക്കുന്നവരുടെ തലച്ചോറ് പ്രവർത്തനരഹിതമാണല്ലോ..."
അവൻ ചിന്തയിൽ നിന്നുണർന്നു.
അവൾ ഉറക്കത്തിന്റെ വരവ് അറിയിച്ച് വാ മലർക്കെ തുറന്ന് പുതപ്പ് വലിച്ചു ദേഹത്ത് ഇട്ട് എന്റെ കൈയിൽ ഒരു ഉമ്മയും തന്ന്,
'നീ എഴുത് ഞാൻ കിടക്കുന്നു'
അവൻ ഒരു ചെറു പുഞ്ചിരിയോടെ വാത്സല്യത്തോടെ അവളുടെ മുടി ഒതുക്കി നെറ്റിയിൽ ഒരു ചുംബനം കൊടുത്ത് കട്ടിലിൽ നിന്ന് റയിറ്റിങ് ബോർഡും എടുത്ത് എഴുന്നേറ്റു...
തണുത്ത കാറ്റ് ബാൽക്കണി യിൽ പടർന്ന് പന്തലിച്ച ചെടികളിൽ തട്ടി ആ രാത്രിയ്ക്ക് ഭംഗി പകരുന്നുണ്ടായിരുന്നു.
അവൻ ചൂരൽ കസേര വലിച്ചു ഇട്ടു ബാൽക്കണിയിൽ കിടന്ന ടേബിളിൽ കാൽ കയറ്റി വച്ച് ലൈറ്റർ കത്തിച്ചു.
ലൈറ്റർ ന്റെ തീയിൽ അവന്റെ കണ്ണിലെ നനവ് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
****
ഇരുവശങ്ങളിലും കറുത്ത കൊടി കെട്ടി വച്ച തെങ്ങുകൾക്ക് നടുവിൽ കൂടി അമ്മാവന്റെ കൈയും പിടിച്ചു ഞാനും അനിയനും നടന്ന് നീങ്ങുമ്പോൾ ക്രിസ്ത്മസ് പരീക്ഷ കഴിഞ്ഞ് പത്ത് ദിവസത്തെ അവധി ആഘോഷിക്കാനുള്ള യാത്രയുടെ ആവേശമായിരുന്നു മനസ്സ് മുഴുവൻ.
തൊടുപുഴയിലെ വല്യമ്മാവന്റെ തറവാട് വീട്. അപൂർവമായി മാത്രമേ അവിടേയ്ക്ക് ഒരു അവധിക്കാലം ആഘോഷിക്കാൻ അവസരം കിട്ടാറുള്ളു.
പോരാത്തതിന് ഇത്തവണ അവളും വരുന്നുണ്ടെന്ന് കാറിൽ ഇരുന്ന് അമ്മാവൻ പറയുന്നത് കേട്ടു.
"ഋതു"
എന്റെ മുറപ്പെണ്ണ്, കളികൂട്ടുകാരി... അങ്ങനെ എന്തെല്ലാമോ
ഉള്ളിൽ ഒരു ഇക്കിളികൂട്ടൽ...
അമ്മാവൻ എന്റെ കൈയിലെ പിടിത്തം ഒന്ന് മുറുക്കി. തറവാട് എത്തി. ആളുകൾ കൂടി നിൽക്കുന്നു.
മൂകത.
ഉമ്മറ പടിയിൽ എന്നെയും നോക്കി ഋതു നിൽപ്പുണ്ടായിരുന്നു. അവൾ ഓടി വന്ന് എന്റെ കൈ പിടിച്ചു. അവൾ കരയുന്നുണ്ടായിരുന്നു.
എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല...
ഉമ്മറപടി കടന്ന് അകത്തേയ്ക്ക് കയറി.
തറയിൽ വെള്ളപുതച്ചു ഉണ്ണിയേട്ടൻ.
വരുന്ന വഴിയിലത്രയും 'അമ്മ എവിടെ എന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരം തന്ന്. 'അമ്മ ഓടി വന്ന് എന്നെ കെട്ടി പിടിച്ചു.
"ഉണ്ണിയേട്ടൻ...."
അമ്മയുടെ കണ്ണുനീരിൽ വാക്കുകൾ മരിച്ചു വീണു.
'കൊയ്ത്തോഴിഞ്ഞ പാടത്ത് ചളിയിൽ കിടന്ന് ഉരുണ്ടതും, ചേട്ടന്റെ ലോഡ് സൈക്കിളിൽ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും, രാത്രി പുതപ്പ് തലയിൽ ഇട്ട് പ്രേതകഥകൾ പറഞ്ഞ് രസിച്ചതും, ഓല മടല് വെട്ടി ക്രിക്കറ്റ് കളിച്ചതും അങ്ങനെ ഓർമ്മകൾ മനസ്സിൽ പാഞ്ഞു പോയി'
അപ്പുപ്പൻ താടി കൂട്ടിയിട്ട പോലെ ചേട്ടനെ വെള്ളമുണ്ട് പുതപ്പിച്ചു കിടത്തിയിരിക്കുന്നു. ഞാൻ അവിടെ ഇരുന്നു, ഋതു എന്റെ കൈ പിടിച്ചു കൂടെ ഉണ്ട്. എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.
വീട്ടില്‍ നിന്ന് ഇറങ്ങും നേരം ചേട്ടന് കൊടുക്കാൻ അമ്മാവൻ കാണാതെ ബാഗിൽ എടുത്ത് ഇട്ട അച്ഛൻ വാങ്ങി തന്ന പുതിയ ചെൽസൺ ബോൾ ഞാൻ ഇനി ആർക്ക് കൊടുക്കും എന്നായിരുന്നു ഉള്ളിലെ ചോദ്യങ്ങൾ...
എത്ര നേരം ആ ഇരിപ്പ് അവിടെ ഇരുന്നെന്ന് ഞാൻ ഓർക്കുന്നില്ല. പതിനൊന്ന് വയസ്സുകാരന്റെ ഉള്ളിൽ ഒരാളുടെ നഷ്ടപെടലിന്റെ വേദന ആദ്യമായി പതിഞ്ഞ ദിവസം..
അതെ
fear of losing people
ഡിസംബറിലെ ഓരോ തണുത്തുറഞ്ഞ അവധിക്കാലവും
ആ ദിവസത്തെ ഓർമ്മപെടുത്താതെ കടന്ന് പോയിട്ടില്ല.
അവൻ എഴുത്ത് നിർത്തി.
സിഗററ്റു കെടുത്തി
പിന്നെ അങ്ങോട്ട് ഉണ്ടായതെല്ലാം ഒരുതരം കൊഴിഞ്ഞു പോക്ക് ആയിരുന്നു.
ആദ്യം വേദനിപ്പിച്ചത് ഋതുവിന്റെ വിദേശയാത്രയാണ്.
ആസ്ട്രേലിയക്ക്
ഇടയ്ക്ക് വിളിക്കുമായിരുന്നു, വീട്ടിലെ ലാൻഡ് ഫോണിൽ.
പിന്നെ അതങ്ങ് നിന്നു.
ഇപ്പൊ ബന്ധപ്പെടാൻ ഒരു വിരൽ അകലത്തിന്റെ ദൂരമേയുള്ളൂ... പക്ഷെ...
അവനൊരു നെടുവീർപ്പിട്ടു...
ചെന്നൈയിൽ ജോലി ചെയുമ്പോൾ റൂംമേറ്റ് ഒരു തഞ്ചാവൂർ കാരൻ പയ്യനുണ്ടായിരുന്നു...
ആദ്യമൊന്നും വല്യ അടുപ്പം കാണിച്ചില്ലെങ്കിലും പതിയെ അവനുമായി നല്ല സൗഹൃദത്തിലായി.
"സേട്ടാ... സേട്ടാ..." എന്നും വിളിച്ചു കൂടെ ഉണ്ടാകും എന്തിനും...
പനി വന്ന് വിറച്ചു കിടന്നപ്പോൾ കട്ടൻ കാപ്പി ഇട്ടു തരാൻ,
സിനിമ കാണാൻ പോകാൻ, രാവിലെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു ജോഗിങ്ങിന് പോകാൻ,
അങ്ങനെ അവനുമായി ഒരുപാട് അങ്ങ് അടുത്തു...
ഒരു ദിവസം ജോലി കഴിഞ്ഞു റൂമിൽ വന്നപ്പോൾ. അവൻ ഓടി വന്ന് കെട്ടി പിടിച്ചു.
"നീങ്ക സൊന്ന മാതിരിയെ നടദിടിച്ചു സേട്ടാ... ഉനക്ക് എന്ന വേണം സൊല്ലു.."
എനിക്ക് ഒന്നും മനസിലാകാതെ അവന്റെ മുഖത്തേയ്ക്ക് നോക്കി
"സേട്ടാ നീങ്ക സോന്ന മാതിരിയെ എനക്ക് ഇന്നേക്ക് അറ്റൻഡ് പണ്ണ ഇന്റർവ്യൂ കിടച്ചിരിച്ചു...."
സംശയത്തോടെ നിന്ന എന്നെ നോക്കി
"സേട്ടാ എനക്ക് വേല കിടച്ചിറക്ക്"
എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. അവൻ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് ജോലിയ്ക്ക് വേണ്ടി ശ്രമിക്കാൻ തുടങ്ങിയിട്ട് നാളു കുറേ ആയിരുന്നു. അതാണ് ഇപ്പോൾ അവന്റെ കൈയിൽ എത്തിയത്..
"congrats ഡാ... കണ്ടിപ്പാ ട്രീറ്റ് കുടുത്തെ ആവണം..."
"കണ്ടിപ്പാ സേട്ടാ... ഉനക്ക് തരലെന്നാ വേറെ യാർക്ക്"
"ആനാ നാൻ നെക്സ്റ്റ് വീക്ക് കേളമ്പ പോറേൻ"
"എങ്കെ?"
"ഊരിലെ. എനക്ക് വർക്ക് ഫ്രം ഹോം താൻ സേട്ടാ"
അങ്ങനെ അടുത്തൊരാൾ കൂടി ഇറങ്ങിപ്പോകാൻ പോകുന്നു..! ഞാൻ മനസ്സിൽ ആലോചിച്ചു.
"പറവാല്ല ഡാ. അമ്മാ അപ്പാ കൂട ജോളി യാ, പുടിച്ച ഫുഡ് സാപ്പിട്ട് നിമ്മത്തിയ വേല പാകലാമേ"
"ആമാ സെട്ട.. ആനാ ഒരുമാതിരിയെ ഇറുക്ക്... ഇന്ത റൂം, പസങ്ക, എല്ലാതുക്കും മേലെ നീങ്ക...
എപ്പിടി സേട്ടാ"
"It’s ok ഡാ"
ഞാൻ അവനെ ആശ്വസിപ്പിച്ചു. ജോലി കിട്ടിയതിന്റെ സന്തോഷത്തിൽ എനിക്ക് ഫുഡ് ഒക്കെ വാങ്ങി തന്ന് ഒരു ശനിയാഴ്ച്ച ഞാൻ ഓഫീസിൽ നിന്ന് റൂമിലേക്ക് വരുമ്പോൾ യാത്ര പറഞ്ഞിട്ട് പോകാൻ വേണ്ടി എന്നെയും കാത്തു നിൽക്കുന്ന അവനെയാണ് കണ്ടത്.
കണ്ണ് നിറഞ്ഞൊരു കെട്ടിപിടിത്തത്തിൽ അവനും ഇറങ്ങി..
അതിന് ശെഷം കൂടെ ജോലി ചെയ്തിരുന്ന പ്രിയപ്പെട്ട സുഹൃത്ത്, മറ്റൊരു റൂംമേറ്റ്... അങ്ങനെ അങ്ങനെ ആൾക്കാർ വരുന്നു... ഓർമകളായി എന്തൊക്കെയോ അവശേഷിപ്പിക്കുന്നു പോകുന്നു...
ഒടുവിൽ,
എന്റേതാകും എന്ന് ഞാൻ കരുതിയ അവളും...
അതായിരുന്നു എന്നെ ഏറ്റവും കൂടുതൽ തളർത്തിയതും.
ചുണ്ടിൽ അടുത്ത സിഗരറ്റു വച്ച് കത്തിക്കാൻ ശ്രമിച്ചപ്പോഴേക്കും നിറഞ്ഞു തുളുമ്പിയ കണ്ണ് ഒഴുകാൻ ആരംഭിച്ചിരുന്നു...
സിഗരറ്റു വലിച്ചെറിഞ്ഞ് കസേരയിൽ ചാരി കിടന്നു.
അകത്തു കിടന്നുറങ്ങുന്ന തന്റെ പാതിയായവൾ ഉണരാതിരിക്കാൻ വാ പൊത്തി അവൻ നിലവിളിച്ചു...
പ്രതീക്ഷിക്കാതെ കയറി വന്ന് കൂടെ നിന്നവൾ. വെളിച്ചം പകർന്ന് ഒരു താങ്ങായി മുന്നോട്ട് മുന്നോട്ട് എന്ന് ആവേശത്തോടെ പരസ്പരം പറഞ്ഞ് സ്വപ്നങ്ങളായിരം നെയ്ത് കൂട്ടിയവർ.
പ്രതീക്ഷിച്ചിരുന്നു ഒരുനാൾ ഇറങ്ങി പോകുമെന്ന്. പക്ഷെ മനസ് അത് ഉൾക്കൊള്ളാൻ തയാറാകാത്ത അത്രയും ഞങ്ങൾ അടുത്തിരുന്നു. അതുകൊണ്ടാകാം ഇത്രയധികം വേദന.
അവൻ കണ്ണ് തുടച്ചു. ഒരു നിമിഷത്തേക്ക് ഉള്ളിൽ നിലച്ചു പോയ ശ്വാസത്തെ അവൻ പുറത്തേയ്ക്ക് ഊതി...
അടുത്ത സിഗരറ്റ് കത്തിച്ചു.
പേന കൈയിൽ എടുത്തു.
ചത്ത് മണ്ണടിയുന്ന ഉപയോഗശൂന്യമായ മാംസമായി ഞാൻ തുടരാൻ പാടില്ല. ജീവിച്ചിരിക്കുമ്പോൾ ആരേയും വേദനിപ്പിക്കാതെ, ആർക്കേലും ഉദകുന്ന ഒരുവനായി തീരുക. മരിച്ചാലും ഓർമ്മകളിലൂടെ, എന്റെ സൃഷ്ടികളിലൂടെ മരണമില്ലാത്തവനായി മാറുക.
കടന്ന് പോയ വഴികളും
വന്ന് ചേരുന്ന മനുഷ്യരും
തന്നു പോയ നഷ്ടങ്ങളും
ഇറങ്ങിപ്പോയ സമയവുമൊക്കെ പാഠങ്ങളാണ്...
അവൻ അടിവരയിട്ടു....
ഒരു ദീർഘനിശ്വാസമെടുത്തു.
നെഞ്ചിൽ ഒരു കനം
fear of losing people
അതെ പേടിയാണല്ലോ
അത് മരണത്തോടെ അല്ലാതെ മണ്ണടിയുമോ ?..
⁃ അരവിന്ദ് ജി എസ്സ്
- ഋതു
No comments:
Post a Comment