ചൂടറയ്‌ക്കുളിലെ മരവിപ്പ്
കുറേ നാളുകൾക്ക് ശേഷം ആ കൈകളിൽ കൂടി ഞാനൊന്ന് തഴുകി.
എന്നിട്ട് ചോദിച്ചു,
"കുളിക്കണ്ടേ?"
"ഉം.. വേണം.."
ചെറുതായൊന്ന് ചിരിച്ചെന്ന് വരുത്തി.
ഞാൻ ടാപ്പ് തുറന്നു. തൊട്ടിയിൽ വന്നു വീഴുന്ന വെള്ളത്തിൽ ആവി പറക്കുന്നുണ്ടായിരുന്നു.
"എടോ…താൻ എന്നെ നാടുകാണാൻ കൊണ്ടുപോയിട്ട് നാള് കുറേ ആയില്ലേ..?"
"പൂട്ടിയിട്ടേക്കുവല്ലേ, തുറന്ന് വിടട്ടെ"
"അതുവരെ ക്ഷമിച്ചേ മതിയാകു"
"പറ്റണില്ലെടോ, ആ അറയും അതിനകത്തെ ചൂടും…"
ഞാൻ നിർവികാരനായി ഒന്ന് മൂളി, "ഉം.."
തൊട്ടി നിറഞ്ഞ് വെള്ളം പുറത്തേയ്ക്കൊഴുകി.
ഞാൻ ടാപ്പ് പെട്ടെന്ന് അടച്ചു.
"എന്താടോ ഒന്നും മിണ്ടാത്തെ…?"
"എന്തെങ്കിലും പറയെടോ."
"എന്ത് പറയാൻ, മനസൊക്കെ മരവിച്ചു."
പിഞ്ഞി പഴകിയ തോർത്ത് വെള്ളത്തിൽ മുക്കി പിഴിഞ്ഞു.
അത്ഭുതത്തോടെ,
"തനിക്കോ..?"
"കൂന കൂട്ടിയ പോലെ സിനിമകൾ നിറഞ്ഞു കവിഞ്ഞ കമ്പ്യൂട്ടർ ഫോൾഡറുകൾ ഉള്ളപ്പോഴോ..?"
"ഹാ…പറ്റുന്നില്ല, പുറത്തോട്ടിറങ്ങാതെ വീട്ടിലിരുന്ന് എത്രയെന്നും പറഞ്ഞാ കാണുന്നേ..."
"എന്നാൽ എന്തെങ്കിലും എഴുതെടോ…"
തോർത്ത് മുക്കി പിഴിഞ്ഞ് കുടഞ്ഞ് ചോദ്യം കേട്ടില്ലെന്ന മട്ടിൽ അടുത്തേയ്ക്ക് ചെന്നിരുന്ന് ശരീരം തുടച്ചെടുക്കാൻ തുടങ്ങി.
"എഴുത്തും മുടങ്ങിയോ…?"
ഒന്നും മിണ്ടാതെ മുഖത്തേയ്ക്ക് നോക്കി.
എന്‍റെ നോട്ടത്തിന്‍റെ കാഠിന്യം മനസിലായതുകൊണ്ടാണോ എന്തോ, മുഖം മ്ലാനമായിരുന്നു.
പകുതി വഴിയിലായ എഴുത്തുകളിൽ മഷി തീർന്ന പേന ചോര തുപ്പി.
വാക്കുകൾ പിടഞ്ഞു.
അങ്ങിനെ മടക്കിവച്ച കടലാസുകളിലൊക്കെയും ഓരോ മയില്‍പീലികള്‍ അവസാന ബീജവും കടമെടുത്ത് വാക്ക് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിന്‍റെ കരച്ചില്‍ നെഞ്ചിൽ അങ്ങിങ്ങായി അലയടിച്ചു.
തുടച്ച് തുടച്ച് തോർത്തിലെ നനവ് പോയിരുന്നു.
ഒന്നുകൂടി തൊട്ടിയിൽ മുക്കിയെടുത്ത് പിഴിഞ്ഞു.
"വായിക്കാൻ ശ്രമിച്ചിരുന്നോ…?"
"ഉം..പൊടിപിടിച്ച താമരയുടെ രാജാവിന്‍റെ പുസ്തകങ്ങൾ ഇടയ്ക്ക് എടുക്കാറുണ്ട്. അക്ഷരകൂട്ടങ്ങൾ എന്നെ മത്ത് പിടിപ്പിക്കുന്നത് കൊണ്ടാണോ എന്തോ.. അറിയാതെ മയങ്ങിപോകുന്നു."
ചെറിയൊരു വ്യസനത്തോടെ,
“താമരയുടെ രാജാവിന്‍റെയും…?”
“ഉം…”
“നിനക്ക് പ്രിയപ്പെട്ടതല്ലായിരുന്നോ..?”
“ആയിരുന്നോ എന്നല്ല, ആണ്.. ഇപ്പോഴും എപ്പോഴും.”
“മനസ്സിൽ കൊണ്ടുനടക്കുന്നവരോട് മിണ്ടാനും കാണാനും കഴിയാതെ നിരാഹാരം കിടക്കുന്നതിന്‍റെ ഓർമ്മകൾ ആ അക്ഷരങ്ങൾക്കിടയിൽ നിറഞ്ഞു കിടക്കുന്നത് കൊണ്ടാകാം, വായിക്കുമ്പോൾ ശ്വാസം മുട്ടുന്നു...”
എന്‍റെ വിഷമം മനസിലായെന്ന പോലെ,
“അവളെ കാണാറുണ്ടോ നീ…?”
ആ ചോദ്യം എനിക്ക് ദേഷ്യമാണുണ്ടാക്കിയത്.
“നീ ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയുന്നില്ലേ…?”
അടക്കിപ്പിടിച്ച ദേഷ്യവും വിഷമവും ആ വാക്കുകളുടെ കനം കൂട്ടിയിരുന്നു…
നിശ്ശബ്ദത—
“ക്ഷമിക്കെടോ…”
“എന്നാ അവസാനം കണ്ടത്. ?”
ദേഷ്യം കളഞ്ഞ്,
“അന്ന് നീയും കൂടെയുണ്ടായിരുന്നല്ലോ..?”
“പൂട്ടിയിടൽ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്നേ”
“ഓർക്കുന്നില്ലേ…?”
“ഹ്മ്മ്മ്…ബസ്സ് സ്റ്റാൻഡ് വരെയുള്ളത്…”
“വീട്ടുകാരോടൊത്ത് ചിലവഴിക്കാൻ കിട്ടുന്ന സമയങ്ങളെ കുറിച്ചോർത്ത് സന്തോഷവും, പ്രിയപ്പെട്ട നഗരത്തേയും നിന്നെയും വിട്ടുപോകണമല്ലോ എന്ന ആകുലതയും ചിരിച്ച മുഖമാണെങ്കിലും ആ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു.”
തിരക്കുകൾക്കിടയിലൂടെ നുഴഞ്ഞുകയറി ആനവണ്ടിയുടെ വിൻഡോ സീറ്റ് പിടിച്ചിട്ട് എന്തോ നേടിയ പോലെ തല പുറത്തിട്ട് ‘കയറി വാ…’ എന്ന് ആംഗ്യം കാണിച്ചപ്പോൾ കിട്ടിയ കള്ളച്ചിരിയുടേയും, ഡ്രൈവർ കയറി വണ്ടി സ്റ്റാർട്ട് ചെയ്യുന്നവരെ കൂടെ വെറുതേ ഇരുന്നതും, പെട്ടെന്ന് ചാടിയിറങ്ങി വണ്ടി ബസ്സ് സ്റ്റാന്റിന്‍റെ കവാടം കടക്കും വരെ സീറ്റിനൊപ്പം നടന്നതും, ‘വിളിക്കണേ…’ എന്ന് ആംഗ്യം കാണിച്ചതും…
ഞാൻ ഓർമ്മകളിൽ നുഴഞ്ഞിറങ്ങി…
“വിളിക്കാറില്ലേ…?”
തോർത്തിൽ വീണ്ടും നനവ് വറ്റി.
ഓർമ്മകളിലേക്ക് ചൂട് ഇരച്ചുകയറി…
തൊട്ടിയിലേക്ക് തോർത്ത് മുക്കിയെടുത്ത് ഞാൻ മറുപടി പറഞ്ഞു,
“ഇല്ല…!”
“ചുമരിനകത്ത് ചെയ്തിട്ടും തീരാത്ത പണികളും മുതിർന്ന കണ്ണുകളേയും വെട്ടിച്ച് ബുദ്ധിമുട്ടാണ്…”
“ഒരു മാർഗവുമില്ലേ…?”
“വാട്‌സാപ്പിൽ വരും, വിരൽത്തുമ്പിൽ നിന്ന് അടർന്നു വീഴുന്ന അക്ഷരങ്ങളിൽകൂടി വികാരങ്ങൾ കടിച്ചു പിടിച്ച് പരസ്പരം കെട്ടിപുണരാറുണ്ട്…”
“ഹ്മ്മ്മ്…”
“ഈ പൂട്ടിയിടൽ ഉടൻ അവസാനിക്കുവോടൊ…?
എനിക്കൊന്നും പറയാൻ തോന്നിയില്ല…
“ഇനി എന്നാ… അവളേം കൂട്ടി, എനിക്കൊപ്പം നീ രാജവീഥിയിൽ നക്ഷത്രങ്ങളെണ്ണുന്നത്…?”
ഒരു നേടുവീർപ്പോടെ…
“അറിയില്ല കാത്തിരിക്കുകയാണ്…”
ടാപ്പിൽ നിന്ന് ചൂട് വെള്ളം തൊട്ടി നിറഞ്ഞ് കളയുന്നുണ്ടായിരുന്നു, ടാപ്പ് പതിയെ പൂട്ടി.
പെട്ടെന്ന് എവിടുന്നോ ഒരു ചിലന്തി കൈകളിലേക്ക് ചാടികയറി, കൂന കൂട്ടി വന്ന ചിന്തകളിൽ നിന്ന് വലിച്ച് താഴെയിട്ടു.
ചിലന്തിയെ തട്ടികളഞ്ഞ് തൊട്ടിയുമെടുത്ത് ഞാൻ എഴുന്നേറ്റു.
വെള്ളം അവന്‍റെ തലയിൽ കൂടി ഒഴിച്ചു. ഒന്നുകൂടി തുടച്ചെടുത്തു.
ജന്മനാ ശരീരത്തോട് ചേർന്നുപോയ വെപ്പുകാലിലേക്ക് ആഞ്ഞൊന്ന് ചവിട്ടി.
ഞെട്ടി ചുമച്ച് അവൻ ഉണർന്നു.
പതിയെ അറയ്ക്കുള്ളിലേയ്ക്ക് കയറ്റി…
പരാജയപ്പെട്ട ഏതോ രാഷ്ട്രീയക്കാരന്‍റെ പലേ നിറത്തിലുള്ള ഫ്ളക്സ് പൊടി തട്ടിയെടുത്ത് പുതപ്പിച്ചു.
പുറത്തിറങ്ങിയപ്പോൾ ഞാനാകെ വിയർക്കുന്നുണ്ടായിരുന്നു.
‘ശരിയാണ്… അറയ്ക്കകത്ത് നല്ല ചൂടുണ്ട്…’
- ഋതു
Aliyoi pwoli❤��
ReplyDeleteThanks da ❤️
DeletePoli😍
ReplyDeleteThanks ❤️
Deleteനന്നായിട്ടുണ്ട്.തുടർന്നും എഴുതു.ഭാഷ, ആവിഷ്ക്കാരം,കഥയുടെ ക്രാഫ്റ്റ് എല്ലാം ഇഷ്ടപ്പെട്ടു.പുതിയ കഥകളെ അടുത്തറിയു
ReplyDeleteThank you sir ❤️
DeletePowli
ReplyDeleteThanks ❤️
DeleteKidiloski...❤️
ReplyDeleteThanks de 😍
Delete♥️♥️♥️♥️
ReplyDelete❤️😍
DeleteKiduvee❤️🔥
ReplyDeleteThanks de ❤️
ReplyDeleteThis comment has been removed by the author.
ReplyDeleteഎഴുത്ത് കൊള്ളാം. പഴമയുടെ ചൂരുണ്ട്. പതിയെ മാറി വരും. നല്ല ശ്രമമാണ്.
ReplyDelete❤️❤️
ReplyDeleteKollam da.
ReplyDeleteGood one 🖤
ReplyDeleteGood realism scattered..����When you narrate what happened,rather than what’s imagined,you show great skill.
ReplyDeleteനല്ലത്��
ReplyDelete