തിങ്കളാഴ്ച്ച നിശ്ചയം
2016 ൽ അവിചാരിതമായി വാട്ട്സപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ ഷെയർ ചെയ്തു വന്ന "0 - 41*" എന്നൊരു മലയാളം സിനിമയുടെ ട്രെയിലർ കാണാനിടയായി. ട്രെയ്‌ലർ കണ്ട് ഒരുപാട് ഇഷ്ടപെട്ട സിനിമ തീയറ്ററിൽ ഇറങ്ങാതെ പോയത് കൊണ്ട് കാണാൻ സാധിച്ചിരുന്നില്ല. പക്ഷെ അന്നേ Senna Hegde എന്ന സംവിധായകന്റെ പേര് മനസ്സിൽ പതിഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ ഒന്നും നോക്കാതെ സംവിധായകന്റെ പേര് കണ്ടത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ "തിങ്കളാഴ്ച്ച നിശ്ചയം" എന്ന സിനിമ iffk റിസർവ് ചെയ്ത് കാണാൻ കയറി. തെല്ലും നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല മനസ്സ് നിറഞ്ഞു തീയറ്ററിൽ നിന്ന് പുറത്ത് വരാനും കഴിഞ്ഞു.
പൂർണ്ണമായും പുതുമുഖങ്ങളെ അണി നിരത്തി കാഞ്ഞങ്ങാട് എന്ന കൊച്ചു ഗ്രാമത്തിൽ അണിയിച്ചൊരുക്കിയ ഗംഭീര സിനിമ. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തിൽ സ്നേഹത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും മാനുഷിക മൂല്യങ്ങൾക്കും ഉള്ള പ്രാധാന്യം വളരെ ലാളിത്ത്യത്തോടെ അവതരിപ്പിച്ച്, ചിതലരിച്ചു പിഞ്ഞി പഴകിയ ചിന്താഗതികൾക്ക് നേരെ കാർക്കിച്ചു തുപ്പി പച്ച ചീത്തകൾ കൊണ്ട് അഭിഷേകം ചൊരിയാതെ തിരിഞ്ഞു നിന്ന് ഒരു സെൽഫി എടുത്ത് അവസാനിക്കുന്ന ഒരു കുഞ്ഞു മനോഹര മലയാള കുടുംബ ചിത്രം...
സംവിധാനം, സിനിമാറ്റൊഗ്രാഫി, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, അഭിനയ പ്രകടനങ്ങൾ...എല്ലാം ഒന്നിനൊന്ന് കിടിലങ്ങൾ...
തീയറ്ററിൽ ഇറങ്ങുമെങ്കിൽ ഒന്നുകൂടി കാണണം...
No comments:
Post a Comment