2024 തീരുമ്പോൾ…
ലൂസിഫറിന് ശേഷം നേര് അല്ലാതെ ഈ മനുഷ്യന് ഒരു ഹിറ്റും ഉണ്ടായിട്ടില്ല. വാലിബൻ പേഴ്സണലി ഒരുപാട് വർക്ക് ആയ ഭാവിയിൽ സിനിമാ വിദ്യാർത്ഥികൾക്ക് ഒരു സ്റ്റഡി മെറ്റീരിയൽ ആവുകയും, ഒരുപാട് പുനർവിചിന്തനങ്ങൾക്ക് വഴിയൊരുക്കുകയും ചെയും എന്ന് ഉറപ്പാണെങ്കിലും ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു. ഒടുവിൽ സ്വന്തം സംവിധാനത്തിൽ വന്ന ബറോസ് പോലും നിലപരിശായ പരിതാപകരമായ അവസ്ഥയിലാണ് ലാലേട്ടന്റെ ഈ വർഷം കടന്നുപോകുന്നത്. എന്നിട്ട് കൂടിയും ഈ മനുഷ്യന് ഉള്ള സ്റ്റാർ വാല്യുവും ജന പിന്തുണയും ഒരു തരത്തിലും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല പുള്ളി പുള്ളിയുടെ പ്രൈം ടൈമിൽ ചെയ്ത് വച്ചതിന്റെയൊക്കെ ഒരു അംശം പോലും ആർക്കും തൊടാൻ പോലും പറ്റിയിട്ടുമില്ല. ഇനി ബോക്സ് ഓഫിസിന്റെ കാര്യമാണെങ്കിൽ ഒരു അവറേജ് സ്ക്രിപ്റ്റ് ആയ കോടതി മുറി മാത്രം പ്രധാന ലൊക്കേഷനിൽ വന്ന ലോ ബഡ്ജസ്റ്റ് പടം “നേര്” ഉണ്ടാക്കിയ ഓളം ഒന്ന് ആലോചിച്ച് നോക്കിയാൽ മതി.
2022, 2023, 2024 മമ്മൂക്ക തകർത്താടിയ വർഷങ്ങളായിരുന്നു. ഇറങ്ങിയ സിനിമകൾ എല്ലാം നല്ലത്. എല്ലാത്തിനും പോസിറ്റീവ് റിവ്യുകൾ. തിരക്കഥകൾ കൊണ്ടും മേക്കിംഗും കൊണ്ടും എല്ലാം ഒന്നിന്നൊന്ന് മികച്ചത്. പത്ത് വർഷത്തിന് ശേഷം ദൃശ്യത്തിനെ പിന്നിലാക്കാൻ കണ്ണൂർ സ്ക്വാഡിന് കഴിഞ്ഞു എന്നതൊഴിച്ചാൽ വേറെ ഒരു സിനിമ പോലും നേര് ഉണ്ടാക്കിയ ഓളം ഉണ്ടാകാനോ, ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാനോ സാധിച്ചില്ല എന്നതാണ് വാസ്തവം. പറഞ്ഞ് വന്നത്, എത്ര പൊട്ട പരസ്യങ്ങൾ ഇറങ്ങിയാലോ, എത്ര പരാജയ സിനിമകൾ മോഹൻലാലിന്റേതായി പുറത്ത് വന്നാലോ, അങ്ങോർക്ക് ഉള്ള മാർക്കറ്റ്, ഇന്നും മലയാളത്തിൽ മറ്റൊരു നടനുമില്ല. “മലയാളത്തിന്റെ മോഹൻലാൽ” എന്ന വിശേഷണം അന്വർഥമാകുന്നത് ഇവിടെയാണ്. എന്തിന് ഒരു റീ റിലീസ് തന്നെ ധാരാളം, അത്രയ്ക്കും റിപ്പീറ്റ് വാല്യു ഉള്ള സിനിമകൾ ആണ് ആ മനുഷ്യനുള്ളത്. റീ റിലീസ് ചെയ്ത് തീയേറ്ററിൽ വന്നാൽ ആള് കേറും എന്ന് ഉറപ്പുള്ള റിപീറ്റ് വാല്യു ഉള്ള സിനിമകൾ ആ മനുഷ്യന് മാത്രമേ മലയാളത്തിൽ ഉള്ളൂ. വെട്ടവും, CID മൂസയും ഒക്കെ ആള് കേറും എങ്കിലും വല്യേട്ടൻ വന്നു പോയത് പോലെ അങ്ങ് പോകും. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് - മൂന്ന് പടം ലാലേട്ടന്റേതായി റീ റിലീസ് എത്തി, മലയാളികൾ കുറവായ ബാംഗ്ലൂരിൽ മൂന്ന് പടവും ഞാൻ കണ്ടത് ഹൗസ് ഫുൾ ഷോയിൽ ആയിരുന്നു. അത് തന്നാണ് അയാൾ മലയാളികളുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണെന്ന് പറയാൻ കാരണം.
ഇന്നലെ പെയ്ത മഴയത്ത് മട്ടാഞ്ചേരി ടീമുകൾ അയാൾക്ക് എതിരെ ഒളിഞ്ഞും തിരിഞ്ഞും ആക്രമണങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. ഒരു ചെറു പുഞ്ചിരിയോടെ “എന്താ മോനെ” എന്ന് ആ മനുഷ്യൻ അതൊക്കെ ഒഴിവാക്കി കടന്ന് പോയ്ക്കൊണ്ടേയിരിക്കും…❤️😌
- ഋതു
No comments:
Post a Comment