29th IFFK 2024
IFFK കഴിഞ്ഞ് അഞ്ച് ദിവസമായെങ്കിലും ഫെസ്റ്റിവലിനെ കുറിച്ചുള്ള കുറിപ്പ് എഴുതാൻ സമയം കിട്ടാതെയുള്ള സാഹചര്യത്തിൽ ലേശം വൈകിയാണെങ്കിലും കുറിക്കുന്നത്.
എല്ലാ കൊല്ലവും മനുഷ്യന്മാരാൽ സമ്പൂർണമാകാറുണ്ട് സിനിമാ ഉത്സവ ദിനങ്ങൾ. ഇത്തവണ അത് വളരെ ചുരുങ്ങിയത് പോലെ തോന്നിയിരുന്നു. അറിയാവുന്നവരും പരിചയമുള്ളവരും, വിരലിൽ എണ്ണാവുന്നവർ മാത്രം. സിനിമകളുടെ നിലവാരങ്ങൾ അത്രമേൽ മികച്ചതായതുകൊണ്ട് തന്നെ ചായ നേരങ്ങൾക്ക് വേണ്ടിയുള്ള ഒത്തുകൂടലുകളേക്കാളും ഇരുട്ടറയിലെ കാഴ്ചകളിലേയ്ക്കുള്ള കൂട് വിട്ട് കൂട് മാറലുകളിലേക്കായിരുന്നു എല്ലാവരുടേയും ശ്രദ്ധ.
എല്ലാ വർഷവും എത്ര ജോലി തിരക്കുണ്ടെങ്കിലും കരഞ്ഞ് കാല് പിടിച്ചെങ്കിലും ലീവ് ഒപ്പിക്കാൻ ശ്രമിക്കാറുള്ള കുറച്ച് ദിവസങ്ങൾ. കേരളത്തിന്റെ ഇരുപത്തിയൊൻപതാം അന്തരാഷ്ട്ര സിനിമാ ഉത്സവം അവസാനിച്ചപ്പോൾ ലഭിച്ചത് കൊവിഡിന് ശേഷമുള്ള മികച്ച സിനിമകളുടെ സമ്മേളനമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് കണ്ടതെല്ലാം മികച്ച സിനിമകൾ. ഒന്നും പോലും നിരാശ സമ്മാനിക്കാതെ സന്തോഷത്തോടെ തീയറ്റർ വിട്ട സിനിമകൾ.
IFFK യുടെ അവസാന ദിവസം ടാഗോറിൽ സിനിമ കാണാൻ സീറ്റ് പിടിച്ച് ഒരുമിച്ച് ഇരിക്കുമ്പോൾ, പ്രിയപ്പെട്ട പ്രണയപുഷ്പങ്ങൾ ‘ശ്രീയും കുടുവും’ കൂടി സമ്മാനിച്ചതാണിത്. എന്തോ, ഒത്തിരി സന്തോഷം തോന്നി. പണ്ടെപ്പോഴോ ഞാൻ കുറിച്ചതുപോലെ ഞാൻ എന്തായി തീരണമെന്നും എന്റെ ഇഷ്ടങ്ങൾ എന്തൊക്കെയാണെന്നും എന്നെക്കാളും നന്നായി എന്റെ ചുറ്റുമുള്ള പ്രിയപ്പെട്ട മനുഷ്യൻമാർക്ക് അറിയാമെന്ന് തോന്നുന്നു.
ഫെസ്റ്റിവൽ കഴിഞ്ഞപ്പോൾ കടപ്പാടുകൾ ഇവരോടും കൂടിയാണ്. ലേറ്റ് ആയി എത്തുമ്പോഴൊക്കെ സീറ്റ് പിടിച്ച് ഇട്ടിരുന്നതിന്, കുടുവിന്റെ സ്റ്റുഡന്റ് ഐഡിയിൽ ഫെസ്റ്റിവലിന് ഫുഡ് വാങ്ങി തന്നതിന്, വാ തോരാതെ സിനിമകൾ സംസാരിച്ചതിന്… ഉമ്മകൾ പ്രിയപ്പെട്ടവരെ..
സഞ്ചിയും ഐഡി കാർഡും തൂക്കി അത്രയും കംഫർട്ട് ആയ വസ്ത്രവും ധരിച്ച് ഒന്നിൽ നിന്ന് മറ്റ് സിനിമാ ശാലകളിലേയ്ക്ക് പാറി പറന്ന് നടക്കുമ്പോൾ കിട്ടുന്നൊരു സന്തോഷമുണ്ട്. ആ സന്തോഷത്തിനെ ജനറലൈസ് ചെയ്ത് വിടുന്ന മീമുകളും ട്രോൾ വീഡിയോകളും, കളിയാക്കലിന്റെ സ്വരത്തിൽ പടച്ചു വിടുന്ന പുല്ലന്മാരേയും അതിൽ എന്നെ പിടിച്ചു മെൻഷൻ അടിക്കുന്നവൻമാരോടും കൂടിയാണ്; അമ്മാതിരി ഐറ്റം എങ്ങാനും എനിക്ക് അയച്ചാൽ മുഴുത്ത ചീത്ത എല്ലായെണ്ണോം എന്റേന്ന് കേൾക്കും. ഈ വർഷം അങ്ങനെ ചെയ്തിട്ടുള്ള എല്ലാവരോടും മാന്യമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അടുത്ത വർഷം മുതൽ ആ മാന്യത ഉണ്ടാവില്ല. ഫെസ്റ്റിവലിന് വരുക എന്നതും അതിനെ കുറിച്ച് സ്റ്റാറ്റസ്/ സ്റ്റോറി ഇടുക എന്നത് പ്യൂർലി എന്റെ സന്തോഷമാണ്. അത് എന്നാൽ കഴിയുന്നിടത്തോളം കാലം ഞാൻ തുടരുകയും ചെയും.
ക്ഷേത്രോത്സവങ്ങൾ പോലെയാണ് എനിക്ക് സിനിമ ഉത്സവങ്ങൾ എന്ന് തോന്നിയിട്ടുണ്ട്. ഈ ഐഡി കാർഡ് കഴുത്തിൽ തൂക്കുന്നത് കൊടിയേറ്റം പോലെയും, കഴുത്തിൽ നിന്ന് ഊരി ഷോകേസിൽ കൊഴിഞ്ഞു പോയ ഓരോ സിനിമാ ഉത്സവങ്ങൾക്കൊപ്പം ഇങ്ങനെ അലങ്കരിക്കുമ്പോൾ കൊടിയിറക്കം പോലെയും അനുഭവപ്പെടാറുണ്ട്. ആ അനുഭവവും അനുഭൂതിയും മറ്റൊരാൾക്ക് വേണ്ടിയും തൽക്കാലത്തേയ്ക്ക് മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.
IFFK എന്നാൽ ഒരു സാംസ്കാരിക കൂട്ടായ്മ ആയതിനാൽ എന്നെ സംബന്ധിച്ച് സിനിമ കാണലുകൾക്കപ്പുറം മനുഷ്യന്മാരുമായുള്ള ചൂടേറിയ ചർച്ചകളും ആശയങ്ങൾ കൈമാറ്റം ചെയലും കൂടിയാണ്. എവിടെയോ 2017, 2018 കാലഘട്ടത്തിലെ iffk യും അത്രമേൽ പ്രിയപ്പെട്ട മനുഷ്യന്മാരുമൊത്ത് ഒരു സിനിമയ്ക്ക് ശേഷം അടുത്ത തീയറ്ററുകളിലേയ്ക്കുള്ള ഓട്ടവും അന്നേരം ഉണ്ടാക്കുന്ന തമാശകളും, സീറ്റ് കിട്ടാതെ വരുമ്പോൾ അടിയുണ്ടാക്കി നിലത്തിരുന്ന് സിനിമ കാണലും എല്ലാം ഓർമ്മയിൽ ഇങ്ങനെ തികട്ടി വന്നു. ആദ്യമായി ഫെസ്റ്റിവലിന് പോയി തുടങ്ങി ദാ 2024 ആയി നിൽക്കുമ്പോഴും ഇപ്പോഴും എന്റെ ഫിലിം ഫെസ്റ്റിവൽ നൊസ്റ്റാൾജിയ മുഴുവനായി 2017-18 കാലത്തിലേക്ക് തളച്ചിടപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നു. വരും വർഷങ്ങളിൽ ഡിസംബറിന്റെ മഞ്ഞ് പുതഞ്ഞ തണുത്ത എട്ട് ദിനരാത്രങ്ങളിൽ ഓർമ്മകൾ ആവർത്തിക്കപ്പെടട്ടെ എന്ന പ്രത്യാശയിൽ അടുത്ത ഫെസ്റ്റിവലിനായി കാത്തിരിക്കാം.
- ഋതു
No comments:
Post a Comment