Friday, 26 June 2015

ഡയറി


ഡയറി


                                                                              സ്കൂളിലെ മലയാളം അധ്യാപകന്‍, തന്‍റെ പ്രിയപ്പെട്ട അധ്യാപകന്‍ പറഞ്ഞിട്ടാണ് അവന്‍ ഡയറി എഴുതാന്‍ തുടങ്ങിയത്. ഡയറി എഴുതുമ്പോള്‍ നല്ല ഭാഷ കൈവരും എന്നും,അക്ഷരങ്ങള്‍ വടിവൊത്തതാകും എന്നും അവന്‍റെ പ്രിയ ഗുരു പറഞ്ഞു കൊടുത്തു. പക്ഷെ ആ അഞ്ചാം ക്ലാസ്സുകാരന്‍റെ ഡയറിയില്‍ ഓരോ ദിവസവും എഴുതപെടുന്നത് ഒരേ കാര്യങ്ങള്‍ ആയിരുന്നു.കളികളും,കൂട്ടുകാരും,സ്കൂള്‍ വിട്ടു നടന്നു വരുമ്പോള്‍ കാണുന്ന സ്ഥിരം കാഴ്ചകളും.പഠിക്കാത്തതിനു അച്ഛന്‍ തല്ലിയതും,കളിയ്ക്കാന്‍ പോയതിനു അമ്മ വഴക്ക് പറഞ്ഞതുമെല്ലാകൊണ്ട് ആ ഡയറിയുടെ താളുകള്‍ ദിവസേന എഴുതി അടയപ്പെട്ടു.
                                                                               പക്ഷെ അന്ന് ആദ്യമായി അവന്‍ ഇതുവരെ ഡയറിയില്‍ എഴുതാത്ത വേറിട്ടൊരു കാര്യം എഴുതി ചേര്‍ത്തു. അത് തിരിച്ചറിവ് നേടിയിട്ടില്ലാത്ത അവന്‍റെ മനസിന്‍റെ സംഘര്‍ഷങ്ങള്‍ ആയിരുന്നു. ഒരു പക്ഷെ യാഥാര്‍ത്ഥ്യം ആവാം എന്ന് നമുക്ക് തോന്നാവുന്നവ.
                                                       ************************
                                                                               സ്കൂളില്‍ പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങള്‍ ഒന്നൊന്നായി അച്ഛന്‍, അവനെ എന്നും പഠിപ്പിച്ചിരുന്നു. പഠിക്കാന്‍ മടി കാണിച്ചിരുന്ന അവനെ തല്ലു കൊടുത്തു പഠിപ്പിക്കുന്നതില്‍ ഒരു ദയയും കാണിക്കുമായിരുന്നില്ല പുത്രസ്നേഹിയായ ആ അച്ഛന്‍. തൊട്ടപ്പുറത്തെ മുറിയില്‍ അവന്‍റെ അമ്മ സീരിയലുകള്‍ക്ക് മുന്‍പില്‍ ധ്യാനിക്കുന്നുമുണ്ട്. അവന്‍റെ ശ്രദ്ധ ഇടയ്ക്കിടയ്ക്ക് അവിടേക്ക് പോകുന്നുണ്ട്.അതിനും കിട്ടും അച്ഛന്‍റെ കയ്യില്‍ നിന്ന് നല്ല പെട. കുറച്ചു കഴിഞ്ഞു അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ നിന്ന് 'മോളെ' എന്നൊരു ഞരക്കം കേട്ടു. അവന്‍ ഒഴികെ മറ്റാരും അത് ചെവിക്കൊണ്ടില്ല. അമ്മ സീരിയലിലെ ഉദ്വേഗജനകമായ ഭാഗം വീക്ഷിക്കുന്നു. അച്ഛന്‍ മകനെ പഠിപ്പിക്കുന്നതിനൊപ്പം തന്‍റെ ഓഫീസ്സ് കാര്യങ്ങളും ചെയുന്നു. വീണ്ടും ഞരക്കത്തോടെയുള്ള വിളി ഉയര്‍ന്നു കേട്ടു. അമ്മ കേട്ടിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ വീണ്ടും സീരിയലിലേക്ക്. പലതവണ വിളി ഉയര്‍ന്നു വന്നു. "ദാ വരുന്നു തള്ളെ" എന്നും പറഞ്ഞു അമ്മ മുറിയിലേക്ക് ചെന്നു. 
      "ദേ ഇങ്ങോട്ടൊന്നു വന്നേ. നിങ്ങട തള്ള ഈ മുറി മൊത്തം നാശമാക്കി."             ഇതു കേട്ട അച്ഛന്‍ അങ്ങോട്ടേക്ക് ചെല്ലുന്നു. അവന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ ആഡംബര വീട്ടിലെ മുറിയില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്ത സ്വന്തം മാതാവിനെ അവന്‍റെ അച്ഛന്‍ കാല് കൊണ്ട് തൊഴിച്ചു.
    "നിങ്ങളോട് എത്ര പറഞ്ഞാലും മനസ്സിലാകില്ലേ"....
അച്ഛന്‍ തന്‍റെ അച്ഛമ്മയെ തൊഴിക്കുന്നത് കണ്ടാണ്‌ അവന്‍ ആ മുറിയിലേക്ക് പ്രവേശിച്ചത്‌. വളര്‍ത്തി വലുതാക്കിയ മകന്‍റെ പ്രഹരത്തിനു കണ്ണുനീര്‍ കൊണ്ട് മാത്രം പ്രതികരിച്ചു ആ സാധു വൃദ്ധ നിലത്തു ചരിഞ്ഞു കിടന്നു. ഒരു പക്ഷെ ആ കണ്ണുകളില്‍ നിന്നും ഒഴുകുന്ന അശ്രുക്കള്‍ ശാപത്തില്‍ കുതിര്‍ന്നതാകം. ഇല്ല, ഒരു അമ്മയ്ക്കും താന്‍ മുലയൂട്ടി വളര്‍ത്തിയ മകനെ ശപിക്കാന്‍ കഴിയില്ല.
     "നിങ്ങളോട് ഞാന്‍ എത്രവട്ടം പറഞ്ഞു "ഇതിനെ" എവിടെയെങ്കിലും കൊണ്ട് പോയി കളയാന്‍".....
        അതിനു ഉത്തരം പറയാതെ അയാള്‍ ഭാര്യയെ ഒന്ന് ദേഷ്യത്തോടെ നോക്കി.
                                              ഇതെല്ലം കണ്ടു നിന്ന അവന്‍റെ മനസ്സ്, കണ്ട കാഴ്ച്ചകളെ ഭാവിയിലെ ഋതുക്കള്‍ക്ക്‌ വേണ്ടി മറിച്ചെഴുതുകയാണ്. അന്ന് അവന്‍ ഡയറിയില്‍ കുറിച്ചത് വീട്ടില്‍ അരങ്ങേറിയ കാഴ്ചകള്‍ ആയിരുന്നു. അവസാനം അവന്‍ എഴുതി ചേര്‍ത്തു.
   "ഇപ്പോള്‍ അച്ഛന്‍ തല്ലുന്ന തല്ലൊക്കെ കൊള്ളാം, സാരമില്ല. അച്ഛന്‍ വയസാകുമ്പോള്‍ എനിക്ക് ഇതെല്ലം തിരിച്ചു കൊടുക്കാമല്ലോ"
     സന്തോഷത്തോടെ അവന്‍ ആ ഡയറി യുടെ താളുകള്‍ മടക്കി വച്ച് കിടക്കയിലേക്ക്.... 
   

                                               
                                                                                                     - ഋതു
                                                                                

No comments:

Post a Comment