പ്രേമനഗരം
"ഇനിയൊരിക്കലും
ഒരു ഋതു പിറക്കില്ലിതുപോലെ
നാം പരസ്പരം
തൊട്ടമാത്രയിൽ
പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ "
തീവ്രമായ പ്രണയമെപ്പോഴും രതിയാണ്. അല്ലെങ്കിൽ രതിയിൽ കലർന്നതാണ്. രണ്ട് മനുഷ്യർ തമ്മിൽ രതിയിലാകുമ്പോഴാണ് പ്രണയം പരിപൂർണമാകുന്നത്. പ്രണയത്തിലാകുന്ന രണ്ട് മനുഷ്യർ തമ്മിൽ തൊടുമ്പോൾ ഉള്ളിൽ മിന്നലുകൾ പായുന്നു. ചുണ്ടുകളാൽ ചുണ്ടുകളിൽ നനവ് പടരുമ്പോൾ ജീവന്റെ മുകുളങ്ങൾ നാമ്പിടുന്നു. അത്രമേൽ തീവ്രമായ നീലുവിന്റേയും മാധവിന്റേയും പ്രണയത്തെ വരച്ചിട്ടൊരു മനോഹര പുസ്തകം.
“പ്രേമം, അതിങ്ങനെയാണ്. എന്താണ് സംഭവിക്കുന്നതെന്ന്, അതിന്റെ ഭാവിയെന്തെന്ന് ഒരുപക്ഷേ, വർത്തമാനമെന്തെന്നുപോലും പ്രേമത്തിന്റെ കാര്യത്തിൽ പ്രവചിക്കാനാവില്ല. അതാതു നിമിഷങ്ങളിലാണ് അതിന്റെ പടർപ്പും തളർച്ചയുമെല്ലാം…”
“പ്രേമനഗരം”. ഒരുപാട് എഴുത്തുകളും റീലുകളും സ്റ്റാറ്റസുകളും കണ്ടപ്പോഴേ വായിക്കണമെന്ന് കരുതിയിരുന്നു. അങ്ങനെ ഒരു കാര്യവുമില്ലാതെ ആമസോണിൽ സ്ക്രോൾ ചെയ്ത്, ചുമ്മാ ഓരോന്ന് ഏതെങ്കിലും കാലത്ത് വാങ്ങണം എന്ന് കരുതി കാർട്ടിൽ പെറുക്കിയിടുമ്പോഴാണ് ദാ പ്രേമനഗരം സജഷനിൽ വരുന്നത്. ഒന്നും നോക്കിയില്ല അപ്പോ തന്നെ അങ്ങ് ഓർഡർ ആക്കി. ഒറ്റ ഇരിപ്പിൽ തീർക്കാവുന്നതേയുള്ളൂ എങ്കിലും തിരക്കുകളും മടുപ്പുകളും കാരണം വായനയുടെ ഏതൊക്കെയോ ബിന്ദുവിൽ പരധ്യാനപരമായി മറ്റെന്തിലേക്കോ ശരീരവും മനസ്സും പതിഞ്ഞത് കൊണ്ട് രണ്ട് ആഴ്ച്ച എടുത്തു അവസാന താള് മടക്കാൻ. ചർവ്വിതചർവ്വണമായ ശരീരത്തിനെ ഞായറാഴ്ചയുടെ ആലസ്യത്തിന്റെ പാരമ്യതയിലേയ്ക്ക് മേയാൻ വിട്ട്, വൈകുന്നേരം ഉച്ചിയിൽ തണുത്ത വെള്ളവും കോരി ഒഴിച്ച് അടുത്തൊരാഴ്ച്ചതേയ്ക്കുള്ള സകലമാന ഊർജ്ജവും സംഭരിച്ച് വായിച്ചു തീർത്തു...
“ഒരു മറയുമില്ലാതെ ശരീരവും മനസ്സും പരസ്പരം അർപ്പിക്കുമ്പോൾ അവരുടെ ജീവൻപോലും ഒന്നായിത്തീരുന്നു.”
സമൂഹത്തിന്റെ മുന്നിൽ, സമൂഹമെന്ന മറ്റുള്ളവന്റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞുനോക്കാനുള്ള അധികാരപത്രം, ആയുധമായി ഉപയോഗിക്കുന്നവർക്കൊക്കെ അവിഹിതമായി മാത്രം കാണാൻ കഴിയുന്ന രണ്ട് മനുഷ്യരുടെ നിരുപാധിക പ്രണയ കഥയാണ് ബിനീഷ് പുതുപ്പണത്തിന്റെ “പ്രേമനഗരം”. അവർ പ്രേമിക്കുകയാണ് ശരീരത്തിന്റെ കെട്ടുപാടില്ലാതെ, സമൂഹത്തിന്റെ കണ്ണുകളെ ഭയക്കാതെ, പ്രകൃതിയും ദൈവവും അവരും മാത്രമായുള്ള നിരുപാധിക പ്രണയം. പുസ്തക ശാലയിലും, ചിറയുടെ അടുത്തും, പ്രതിമയുടെ മുന്നിലും, വയനാട് ചുരം കയറുമ്പോഴുള്ള തണുത്ത കാറ്റും, മോനിഷ ഹോട്ടലും, മാധവിനെ മത്ത് പിടിപ്പിക്കുന്ന നീലുവിന്റെ മണവും വിയർപ്പും, മഴയിൽ കുതിർന്ന നാല് ദിവസത്തെ ഓർമ്മകൾക്ക് വേണ്ടി തുറന്ന് കൊടുത്ത ചെമ്മൺ പാതയറ്റത്തെ നീലുവിന്റെ വീടും, രതിയുടെ ആസ്കതി മറികടക്കാനുള്ള അവരുടെ നഗ്നതയിലേയ്ക്കുള്ള പറക്കലും വായനയിലൂടെ നമുക്കൊപ്പം യാത്ര ചെയും. അതേ ഈ പുസ്തകം രണ്ട് ആത്മാക്കൾ തമ്മിലുള്ള രതി നിർഭരമായ, പ്രണയ നിർഭരമായ യാത്രയാണ്.
പ്രേമനഗരം ഒരു വിപ്ലവമാണ്. സദാചാര പൊതുബോധങ്ങളെ തച്ചുടയ്ക്കാനും പോന്ന വിപ്ലവം.
എന്നിരിക്കിലും, വായനയ്ക്ക് സുഖം നല്കി ഓർമ്മകൾ പകർന്ന് എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും, എവിടെയൊക്കെയോ കഥയ്ക്ക് ആവശ്യമില്ലാത്ത എഴുത്തിന്റെ മറ്റ് തലങ്ങളിൽ കഥാകൃത്ത് കടന്നു ചെന്ന് ഇടയ്ക്കിടയ്ക്ക് വയനാരസത്തെ കൊല്ലുന്നുണ്ടായിരുന്നു. അതാകാം മനസ്സും ശരീരവും പുസ്തകത്തിൽ നിന്ന് തെന്നി മാറാൻ കാരണമായതും. അത് ഇതിന്റെയൊരു ചുരുങ്ങിയ എതിരഭിപ്രായം മാത്രം. വായിച്ചിട്ടില്ലാത്തവർ വായിക്കണം. രതിയും പ്രണയവും ഒരുപോലെ അനുഭവിച്ചറിയണം.
“ഉപേക്ഷിക്കുക എന്നാൽ കരുതലോടെ സൂക്ഷിക്കുക എന്നർത്ഥവുമാകുന്നു. നിന്നെ ഏറെ കരുതലോടെ ഞാൻ സൂക്ഷിക്കുന്നു.”
എന്ന വാക്കുകളിൽ കെട്ടുറപ്പിച്ച് നീലുവും മാധവും ഇപ്പോഴും ആനവണ്ടിയുടെ താളത്തിൽ വിയർപ്പിന്റെ ചൂടും ചൂരുമറിഞ്ഞ് വയനാട് ചുരം കയറുകയാണ്. നിരുപാധിക സ്നേഹത്തോടെ….
- ഋതു