Saturday, 12 October 2024

അപരിചിതർ

 അപരിചിതർ



എല്ലാരുടേം ജീവിതത്തിൽ ചില വ്യക്തികളുണ്ടാകും. ചില കാരണങ്ങളാൽ മനസ്സ് നോവിച്ചവർ. തെറ്റുകൾ ഏറ്റ് പറഞ്ഞ് ക്ഷമ ചോദിച്ച് കഴിഞ്ഞും പഴയപോലെയാകാൻ കഴിയാത്ത ഹൃദയങ്ങൾ. വർഷങ്ങൾക്കിപ്പുറം പരസ്പരം കണ്ടാൽ പോലും വിചിത്രമായ ചിരികളിൽ ഏതോ അഭിമുഖ സംഭാഷണത്തിലെ പോലെ, ചോദ്യോത്തരങ്ങളിൽ പിണഞ്ഞു കിടക്കുന്ന ആശയവിനിമയങ്ങളുടെ അണക്കെട്ടുകളിൽ തളം കെട്ടിക്കിടക്കുന്നവർ. ഫോണിൽ, എഞ്ചുവടി കൃമത്തിലെവിടെയോ അവരുടെ കോണ്ടാക്ട് ഇപ്പോഴും നമുക്ക് അത്രമേൽ പ്രിയപ്പെട്ട വിളിപ്പേരിൽ സേവ് ചെയ്ത് കിടപ്പുണ്ടാകും. ഇരു കൂട്ടരുടേയും വളർച്ചകളും സന്തോഷങ്ങളും കണ്ട് ഇൻസ്റ്റഗ്രാമിൽ അന്യോനം പിന്തുടരുന്നുണ്ടെങ്കിലും, ഒന്നിനും മറുപടി കൊടുക്കാതെ ഒരു നിശ്വാസത്തോടെ, ചെറുപുഞ്ചിരിയോടെ സ്ക്രോൾ ചെയ്തു കളഞ്ഞിട്ടുണ്ടാകും. തെറ്റുകൾ ആരുടെയാണെന്നുള്ള ആശങ്കയിൽ ഉള്ളിൽ പശ്ചാത്താപം ഉടലെടുക്കുന്നുണ്ടെങ്കിലും മുറിവിന്റെ ആഴവും പരപ്പും നമ്മളെ അയാളിൽ നിന്ന് പുറകോട്ട് വലിച്ചുകൊണ്ടേയിരിക്കും.

നാലുച്ചുമരുകൾക്കുള്ളിൽ അന്യോന്യം കേൾക്കാനൊരു ചെവി തന്ന് കൂട്ടിരുന്നതും, എപ്പോഴോ മറന്നുപോയ അന്തർജാതമായ രുചികളെ മടക്കി വിളിച്ച്, വിശപ്പകറ്റാൻ രസമുകുളങ്ങൾക്ക് പ്രളയം പകർന്ന സ്നേഹത്തിൽ ചാലിച്ച വിഭവങ്ങൾ വിളമ്പിയതും, ഒടുവിൽ മധുരമേറിയ കട്ടൻ ചായകളുടെ ചൂടിൽ അസ്തമയത്തിനൊപ്പം നക്ഷത്രങ്ങളെ വരവേറ്റതുമൊക്കെ ഓർമ്മയുടെ ഏതോ ശിഖരത്തിൽ ഇങ്ങനെ നാമ്പിടും. അതിൽ നിന്നൂർന്ന നിശ്വാസത്തിൽ അവർ സന്തോഷതിലാണല്ലോ എന്നതിൽ ഒരു ചിരി ഉള്ളിൽ വിരിയും…

ആ ചിരിയിൽ ഉള്ളിൽ ഇപ്പോഴും കരുതി വച്ചിരിക്കുന്ന, ഇനിയൊരിക്കലും അയാളിലേക്ക് പ്രവഹിക്കാൻ സാധ്യതയില്ലാത്ത അകമഴിഞ്ഞ സ്നേഹമുണ്ടാകും…


"മറന്നുപോയവർക്ക് വേണ്ടി ഓർമ്മപൂർവ്വം എഴുതുന്നത്..." 

- ഋതു 

No comments:

Post a Comment