ജോജു ജോർജും ഫോൺ കോളും…
ആദ്യമേ തന്നെ പറയട്ടെ, ആദർശിനെ ഒരു കലാ സാംസ്കാരിക കൂട്ടായ്മ വഴി 2018 മുതൽ എനിക്ക് അറിയാം. പരിചയക്കാരൻ ആണ്. കാണുമ്പോഴൊക്കെ സംസാരിക്കാറുമുണ്ട്.
വിഷയത്തിലേക്ക് വന്നാൽ. രണ്ട് കൂട്ടർക്കും രണ്ട്പേരുടേതായ രീതിയിൽ രണ്ട് പേരുടേയും ആവശ്യങ്ങൾക്ക് അനുസരിച്ച് മൈലേജ് കിട്ടി അല്ലെങ്കിൽ കിട്ടിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ ഒരു വിഷയത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം. ജോജു ഇടപെട്ടില്ലായിരുന്നെങ്കിൽ ആരും അറിയപ്പെടാതെ പോകേണ്ടിയിരുന്ന വിഷയം, ഇന്ന് ഉള്ള എല്ലാ ചാനലുകളിലും സോഷ്യൽ മീഡിയകളിലും എഴുത്തുകളായും വീഡിയോകളായും നല്ല രീതിയിൽ സർക്കുലേറ്റ് ചെയ്യപ്പെടുന്നുണ്ട്.
അമരൻ, ലക്കി ബാസ്കർ എന്നീ പടങ്ങൾ അതി ഗംഭീര അഭിപ്രായം ലഭിച്ചു ഈ ആഴ്ച്ച സിനിമാ കൊട്ടകകൾ പിടിച്ചടക്കുമ്പോൾ, കഴിഞ്ഞ ആഴ്ച്ച റിലീസ് ആയ പണിയ്ക്ക് സ്വഭാവികമായും തീയറ്റർ കുറയാനുള്ളതാണ്. താരതമ്യേന ദുൽഖറിന് കേരളത്തിൽ നല്ല മാർക്കറ്റ് വാല്യൂ ഉള്ള സ്ഥിതിക്ക് “പണി” ഈ ആഴ്ച പിടിച്ച് നിൽക്കുക ഇച്ചിരി ബുദ്ധിമുട്ട് ആണ്. അങ്ങനെ ഇരിക്കവേ ആണ് ജോജുവിന്റെ ഭീഷണി ഫോൺ സംഭാഷണം പുറത്ത് വരുന്നത്. ഇന്ത്യ മഹാരാജ്യത്ത് ജീവിക്കുന്ന ഒരു മനുഷ്യ ജീവിയേയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താനുള്ള ഒരു അവകാശവും ഒരുത്തനും ഇല്ല. അതുകൊണ്ട് തന്നെ ജോജു കാണിച്ചത് ന്യായീകരിക്കാനാകാത്ത കുറ്റം തന്നെയാണ്. പക്ഷേ അതിന്റെ ഫൈനൽ റിസൾട്ട്, ജസ്റ്റ് ശനിയാഴ്ച്ചത്തേയും ഞായറാഴ്ച്ചത്തേയും ആയി ഈ വീക്കന്റ്സ് “പണി” നേടിയെടുത്ത ഗ്രോസ് നോക്കിയാൽ മതിയാകും. സോഷിയൽ മീഡിയ ഉപയോഗിക്കാത്ത മുറുക്കി തുപ്പി വീടിലിരുന്ന് ടിവി ന്യൂസ് മാത്രം കാണുന്നവർ അടക്കം തിയേറ്ററിൽ വന്നിട്ടുണ്ടാകും. പണിയെ കുറിച്ച് അറിയാത്തവർ കൂടി അറിഞ്ഞു എന്നതാണ് പരിണിതഫലം. ആദർശിനെ സംബന്ധിച്ച് പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി എന്ന നിലയ്ക്കും കോൺഗ്രസ് രാഷ്ട്രീയത്തിൽ വിശ്വസിച്ച് കെഎസ് യു ന് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയ്ക്കും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരു പിടിവള്ളി ആയതായുമാണ് എനിക്ക് തോന്നുന്നത് (ഇറങ്ങുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. അതെ പറ്റി സംസാരിച്ചിട്ടുമില്ല). പാർട്ടിയുടെ വകയും ആദർശിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച പോസ്റ്റുകളും കണ്ടിരുന്നു. അപ്പോഴൊക്കെ പണ്ട് ജോജു കോൺഗ്രസ്കാർക്ക് എതിരെ സംസാരിച്ച ഒരു വിഷയം അറിയാതെ ഓർമ്മ വന്നു…
പണി, മൊയ്ബിയസ് (കൊറിയൻ) എന്നീ സിനിമകൾ കാണാത്തവർ താഴോട്ട് വായിക്കരുത്. സ്പോയിലേഴ്സ് ഉണ്ടായിരിക്കുന്നതാണ്.
ഇനി ആദർശിന്റെ റിവ്യൂ. റിവ്യൂ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പുള്ളിയുടെ ഒപ്പിനിയൻ ആയിട്ടേ എനിക്ക് അതിനെ കാണാൻ സാധിക്കുകയുള്ളൂ. സിനിമ തീയേറ്ററിൽ കണ്ട ആളെന്ന നിലയ്ക്ക് ആ എഴുതിപിടിപ്പിച്ചിരിക്കുന്നതിൽ മിക്കതും, അത് വായിച്ചതിന് ശേഷം സിനിമ തീയറ്ററിൽ പോയിരുന്നു കാണുന്നവന്റെ ആസ്വാദനത്തിനെ ബാധിക്കും എന്ന് നിസംശയം പറയും. ആദർശ് പരാമർശിച്ച റേപ്പ് സീൻ ആ സിനിമയുടെ കഥാഗതിയിൽ വഴിത്തിരിവാകുന്നൊരു സീനാണ്. പിന്നെ കൂടെ നിൽക്കുന്ന ആളുകളെല്ലാം മരിച്ചു വീഴുന്നു എന്നതും, തീയേറ്ററിൽ നല്ല രീതിയിൽ ഇംപാക്ട് ക്രിയേറ്റ് ചെയ്ത സീമയുടെ സീനും എഴുത്തിൽ വ്യക്തമായി എഴുതിപിടിപ്പിച്ചിരിക്കുന്നത് ഉറപ്പായും സിനിമാ ആസ്വാദനത്തിനെ ബാധിക്കും എന്നതിൽ ഒരു സംശയവും ഇല്ല.
ഇനി റേപ്പ് സീൻ ഇങ്ങനെ എടുക്കാൻ പാടില്ല എന്നത്. സിനിമയിലെ ഓരോ സീനും എങ്ങനെ എടുക്കണം എടുക്കണ്ട എന്നത് എഴുത്തുകാരന്റെ അല്ലെങ്കിൽ സംവിധായകന്റെ ഇഷ്ടമാണ്. ഒരു പെണ്ണിനെ അല്ലേൽ ഒരു ആണിനെ ക്രൂരമായി പീഡിപ്പിക്കുന്ന രംഗമാണ് ചിത്രീകരിക്കേണ്ടത് എങ്കിൽ. അത് അതിന്റെ ഇന്റസിറ്റിയോട് കൂടി കാണികൾക്ക് അസ്വസ്ഥതയുണ്ടാക്കും വിധം എടുത്ത് വയ്ക്കുന്നതാണ് ഒരു സംവിധായകന്റെ മിടുക്ക്. മനുഷ്യന്റെ എല്ലാ വികാരങ്ങളുടേയും എക്സ്ട്രീം കാണിച്ചിട്ടുള്ള സംവിധായകൻ ആണ് വിശ്വ വിഖ്യാതനായ കിം കി ഡുക്. വയലൻസ് സീനൊക്കെ പുള്ളി ചെയ്ത് വച്ചേക്കുന്നത് പോലെ ലോക സിനിമയിൽ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയില്ല. പുള്ളിക്കാരന്റെ “മൊയ്ബിയസ്” എന്നൊരു സിനിമയുണ്ട്. അതിൽ സ്വന്തം മകന്റെ ലിംഗം അമ്മ കത്തി വച്ച് മുറിച്ചെടുക്കുന്ന സീനുണ്ട്. അതിന് ശേഷം രതി മൂർച്ച ലഭിക്കാനായി മകൻ കാണിച്ചുകൂട്ടുന്നതൊക്കെ എക്സ്ട്രീം വയലൻസ് സ്വഭാവം ഉള്ളതാണ്. ആ സിനിമ കണ്ടിരിക്കാൻ സാധിക്കാത്ത ഒരുപാട് മനുഷ്യർ ഉണ്ട്. പുള്ളിയുടെ 3rd ലാസ്റ്റ് പടം “Human, Space, Time and Human” അത് തുടക്കം മുതൽ അവസാനം വരെ രക്തമയമാണ്. ആ പടം IFFK യ്ക് കാണുമ്പോൾ, കണ്ടിരിക്കാൻ വയ്യാതെ ഇറങ്ങിപോകുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. പറഞ്ഞു വന്നത്, ഒരു സിനിമ ഏത് മോഡിൽ ഉള്ളതാണെന്ന് മനസ്സിലാക്കി ഓരോരുത്തരുടേയും മാനസികാവസ്ഥയ്ക്ക് തകന്നതാണോ എന്ന് നോക്കി സിനിമ കാശ് മുടക്കി കാണണോ വേണ്ടയോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. അതിനുള്ള സാഹചര്യം നിലവിലുണ്ട്. സ്പോയിലർ ഇല്ലാതെ അഭിപ്രായങ്ങളും കുറിക്കാം. വ്യക്തിപരമായി എനിക്ക് ഹൊറർ സിനിമകൾ തീയേറ്ററിൽ പോയിരുന്നു കണ്ട് പേടിക്കുന്നതിനോട് താല്പര്യമില്ല. അത്രയ്ക്കും നല്ലതാണ് എന്നൊക്കെ അറിഞ്ഞാലും ലാപ്പിൽ പ്ലേ ചെയ്തിട്ട് ഒരു മൈൽ ദൂരെ പോയിരുന്നു ആണ് ഞാൻ പടം കാണുന്നത്. എന്ന് കരുതി നാളെ മുതൽ ഹൊറർ സിനിമകൾ ഇങ്ങനെ എടുക്കാൻ പാടില്ല എന്ന് ഞാൻ പറഞ്ഞാൽ അത് നടപ്പുവരുന്ന കാര്യമല്ല. തന്റെ പ്രോഡക്ട് എങ്ങനെ ഉണ്ടാവണം എന്നുള്ളത് സംവിധായകന്റെ അല്ലെങ്കിൽ എഴുത്തുകാരന്റെ മാത്രം തീരുമാനം ആണ്.
ഒരാളെ ബ്രൂട്ടൽ ആയി കഴുത്തറുത്ത് കൊല്ലുന്ന സീനാണെങ്കിൽ. നമുക്ക് കണ്ടിരിക്കാൻ കഴിയാത്ത രീതിയിൽ അത് വെടിപ്പായി അവതരിപ്പിക്കണം. എന്നാൽ മാത്രമേ ആ കഥാപാത്രങ്ങൾക്ക് ജീവൻ വയ്ക്കുകയുള്ളു. മുന്നോട്ടുള്ള കഥ പറച്ചിലിന് തീവ്രത കൂടുകയുള്ളൂ. അതിപ്പോൾ ലൈംഗിക രംഗങ്ങൾ ആയിക്കോട്ടെ, ചുംബന രംഗങ്ങൾ ആയിക്കോട്ടെ, മനുഷ്യരുടെ മാനസിക വ്യഥകളായിക്കോട്ടെ, എല്ലാം അതിന്റെ അതെ ഇന്റൻസിറ്റിയോട് കൂടി കാണിക്കുമ്പോഴേ കാണുന്ന പ്രേക്ഷകർക്ക് ആ സിനിമയോട് ഒരു കണക്ഷൻ ലഭിക്കുകയുള്ളൂ. “ദി നെറ്റ്” എന്ന കിം കി ഡുക് ന്റെ മറ്റൊരു സിനിമ കൂടി ഉദാഹരണത്തിന് എടുക്കുന്നു. ആ കുടുംബത്തിന്റെയും ചൂൽവൂന്റേയും അവസ്ഥ സിനിമ കഴിയുമ്പോൾ ഒരു വിങ്ങലായി അവശേഷിക്കും. നിസഹായതയെ അത്രമേൽ തീവ്രതയോടെ കാണിച്ച സിനിമയാണത്. ഗാസ്പർ നോയ് യുടെ സിനിമകൾ. ആ മനുഷ്യനൊക്കെ ഒരു വിഷയം സിനിമയാക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതിന്റെ എക്സ്ട്രീം സാധനം പ്രേക്ഷരിലെത്തിക്കും. ഡ്രഗ് അബ്യൂസിന്റെ വയലന്റ് വെർഷൻ “ക്ലൈമാക്സ്” എന്ന പുള്ളിയുടെ പടത്തിൽ കണ്ട് ഇറങ്ങി കിളി പോയിരുന്ന അവസ്ഥ എനിക്ക് ഇപ്പോഴും ഒർമ്മയുണ്ട്. അതുകൊണ്ട് തന്നെ തൊട്ടതിനും പിടിച്ചതിനും പൊളിറ്റിക്കൽ കരക്റ്റ്നസിന്റെ മൂട് താങ്ങി പടം അങ്ങനെ എടുക്കണം ഇങ്ങനെ എടുക്കണം എന്ന് പറഞ്ഞാൽ ഇന്ന് ഇവിടെ ആഘോഷിക്കപ്പെടുന്ന ലോകം ക്ലാസിക് സിനിമകൾ എന്ന് വിശേഷിപ്പിക്കുന്ന പല സിനിമകളേയും എടുത്ത് തോട്ടിൽ കളയേണ്ടി വരും.
ഇതൊന്നും മനസിലാക്കാതെ, ചിന്തിക്കാതെ എല്ലാത്തിന്റേയും അടിയിൽ പോയി അസഭ്യം, തെറി വിളി, ബോഡി ഷെയിമിങ്, കഴമ്പില്ലാത്ത ആർഗ്യുമെന്റ്സ് ഒക്കെ കമന്റ്സായി ഇടുന്നവരാണ് മണ്ടത്തരം കാണിക്കുന്നത്. സ്വന്തം എനർജിയും സമയവും വേസ്റ്റ് ആക്കാം എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നുമില്ല. നെഗറ്റീവ് പബ്ലിസിറ്റി അല്ലെങ്കിൽ നെഗറ്റീവ് മാർക്കറ്റിംഗ് ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ളതും പെട്ടെന്ന് ഫെയിം/റിച്ച് ആകാൻ സാധിക്കുന്നതും. ഇത് തുടങ്ങി വച്ചത് സന്തോഷ് പണ്ഡിറ്റിന്റെ “കൃഷ്ണനും രാധയും” ആയിരുന്നു. അതുകൊണ്ട് തന്നെ പോസിറ്റീവ് പബ്ലിസിറ്റിക്ക് കിട്ടുന്നതിനേക്കാളും ഇരട്ടി റീച്ച് ആവും നെഗറ്റീവ് മാർക്കറ്റിംഗിന്. എന്തിന് ഞാൻ ഇടുന്ന ഈ എഴുത്ത് അടക്കം അതിന്റെ ഭാഗമാണെന്നുള്ളതാണ് വസ്തുത.
ഒന്നുകൂടി ക്രോഡീകരിച്ചാൽ ഈ ഒരു ഇഷ്യൂ കൊണ്ട് “പണി” സിനിമയ്ക്ക് അഞ്ച് പൈസ ചിലവാക്കാതെ നല്ല രീതിയിൽ എല്ലാ ചാനലുകൾ വഴിയും പ്രൊമോഷൻ കിട്ടി എന്നതും ആദർശിന് അവന്റെ രാഷ്ട്രീയ ഭാവിയ്ക്ക് മുതൽക്കൂട്ടായി ചെറുതായി ഒരു ഫെയിമും കിട്ടി എന്നതുമാണ് സത്യാവസ്ഥ.
- ഋതു (അരവിന്ദ് ജി എസ്)
No comments:
Post a Comment