തലവൂർ ഗ്രാമവും അജിത് പ്രസാദ് സാറും
അഞ്ച് വർഷങ്ങൾക്ക് ശേഷം അജിത്ത് പ്രസാദ് സാറിനൊപ്പം. ഞങ്ങടെ AP സാറിനൊപ്പം.
2014-17 കാലയളവിൽ എംജി കോളേജിൽ ആയിരുന്നപ്പോൾ അക്കാദമി പരമായി അത്ര നല്ലൊരു വിദ്യാർത്ഥിയല്ലായിരുന്നു ഞാൻ. അങ്ങനെയുള്ള എന്റെ സ്വപ്നങ്ങളും താല്പര്യങ്ങളും മനസിലാക്കി കൂടെ നിർത്തിയ പ്രിയ അദ്ധ്യാപകൻ. മകന്റെ പഠന നിലവാരത്തിൽ ഉത്കണ്ഠാപൂർവം അച്ഛനും അമ്മയ്ക്കുമൊപ്പം സർന്റെ മുന്നിൽ നിന്നപ്പോൾ. മാതാപിതാക്കളെ പൊള്ളയായ ആശ്വാസവാക്കുകൾ കൊണ്ട് സുഖിപ്പിക്കാതെ “അവനെ അവന്റെ വഴിയ്ക്ക് വിട്ട് നോക്ക്. അവന് ഇഷ്ടമുള്ളത് ചെയ്യട്ടെ” എന്ന് പറഞ്ഞ പ്രൊഫസർ.
ഈ വരവിൽ പുള്ളിയെ കാണണം എന്നുള്ള ഉൾ വിളിയിൽ, അഞ്ച് വർഷങ്ങൾക്ക് ശേഷം ഈ മനുഷ്യനെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. തിരുവനന്തപുരം നിന്ന് കൊട്ടാരക്കരയ്ക്കും അവിടെ നിന്ന് തലവൂർ ഗ്രാമപഞ്ചായത്തിൽ സാറിന്റെ ഗ്രാമമായ കുന്നിക്കോട് ചെന്നിറങ്ങിയതും, അവിടുന്ന് സാറിനൊപ്പം കാറിൽ സാറിന്റെ വിവരണത്തോട് കൂടി ഗ്രാമഭംഗി ആസ്വദിച്ച് വീട് എത്തിയപ്പോൾ എന്നെ കാത്തിരുന്നത് 800 വർഷം പഴക്കമുള്ള സാർ ഇപ്പോഴും സംരക്ഷിച്ച് നില നിർത്തിപ്പോരുന്ന പഴയ തറവാടും അതിനൊപ്പം ചേർന്ന സാറിന്റെ വീടും ആയിരുന്നു.
പറമ്പിൽ വിളഞ്ഞ വരിക്ക ചക്കയും കൈത ചക്കയും തിന്ന്, പറമ്പിൽ കൂടിയും പുതുതായി പണിയുന്ന വീടിനകത്ത് കൂടിയും നടക്കുന്നതിനിടയിൽ. എംജി കോളേജിലെ മുപ്പത്തിമൂന്നാം നമ്പർ ക്ലാസ് മുറിയിൽ സാർ ന്റെ ക്ലാസ് കേട്ടിരുന്ന വിദ്യാർത്ഥിയുടെ ജിജ്ഞാസയിൽ കഥകളും കാര്യങ്ങളും കേട്ട് കൂടെ കൂടി. ഉപദേശങ്ങളായും അനുഭങ്ങളായി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുകയും, എന്നിൽ നിന്ന് ഓരോന്ന് കേട്ട് മനസിലാക്കി ശരി തെറ്റുകൾ ചൂണ്ടി കാണിച്ച് നീണ്ട നേരത്തെ സംഭാഷണം കഴിഞ്ഞപ്പോൾ സമയം രാത്രി 8 കഴിഞ്ഞിരുന്നു. ഒടുവിൽ ഭക്ഷണവും കഴിച്ച് സാറിന്റെ സഹധർമിണിയോടും മകളോടും യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി. ഏതാണ്ട് ഒൻപത് അരയോടെ സാർ കൊട്ടാരക്കര ബസ്സ് സ്റ്റാൻഡിൽ കൊണ്ടാക്കി ഈ പടവും പിടിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലും, തടസങ്ങൾ നേരിട്ടാലും സാറൊക്കെ ഇപ്പോഴും ഇങ്ങനെ ചേർത്ത് നിർത്തുന്നത് കൊണ്ടാണെന്ന് തോന്നുന്നു, കണ്ണേൽ കൊള്ളാനുള്ളതൊക്കെ മുടിയിൽ തട്ടി തെന്നി മാറുന്നത്…
- ഋതു
No comments:
Post a Comment