Thursday, 26 August 2021

ഹോം

 ഹോം 

കോളേജ്‌ പഠനം കഴിഞ്ഞ് ബിഗ് ബസാറിൽ കാഷ്യർ ആയി പണി എടുക്കുന്ന കാലത്ത് ആണ് മഞ്ജു ചേച്ചിയെ ആദ്യമായി നേരിട്ട് കാണുന്നത്. അന്ന് ആദ്യം മനസിൽ വന്നത് തട്ടീം മുട്ടീം ലെ മോഹനവല്ലി യെ ആണ്. എന്റെ ക്യാഷ് കൗൺഡറിന് മുന്നിൽ വന്നതും സാധനങ്ങൾ ബിൽ ചെയ്ത് ഒരു ചിരിയും പാസ്സ് ആക്കി പോയ പുള്ളിക്കാരിയുടെ മുഖം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്.
അവിടെ നിന്നും ഇന്ന് "ഹോം" എന്ന കുഞ്ഞു വലിയ സിനിമയിലെ കുട്ടിയമ്മയിൽ എത്തി നിൽക്കുമ്പോൾ അക്ഷരാർഥത്തിൽ മഞ്ജു ചേച്ചി ഞെട്ടിക്കുകയാണ്. ഇനിയും മലയാള സിനിമ പുള്ളിക്കാരിയെ ഉപയോഗിച്ചിട്ടില്ലല്ലോ, എന്ന് തോന്നിപ്പിക്കുകയാണ്.
ഇളയമകനുമായി ഒരു വഴക്ക് കഴിഞ്ഞ രാത്രി വിഷമിച്ചു നിൽക്കുന്ന മകനെ നോക്കി "പോടാ" എന്ന് ചെറു ചിരിയോടെ ഒരു മൈന്യൂട്ട് എക്‌സ്പ്രെഷൻ പാസാക്കുന്ന ഒരു ചെറിയ ഷോട്ട് ഉണ്ട്. അറിഞ്ഞോ അറിയാതെയോ എവിടെയൊക്കെയോ എന്റെ അമ്മയുമായുണ്ടാകാറുള്ള വഴക്കിന്റെ അവസാനമായി തോന്നി കണ്ണു നനയിപ്പിച്ച സീൻ.
കോമഡി ചെയ്ത് പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്നവരിൽ അസാമാന്യ അഭിനയ സാധ്യത ഒളിഞ്ഞിരിപ്പുണ്ടെന്ന് വീണ്ടും തെളിയുന്നു...
മലയാളത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ പട്ടികയിൽ ഇനി കുട്ടിയമ്മയും ഉണ്ടാകും...❤️
NB: കഥാപാത്രത്തിനെ പറ്റി വാ തോരാതെ എഴുതണം എന്നുണ്ട്.. സ്പോയിലർ ആകും എന്ന് തോന്നുന്നത്കൊണ്ട് നിർത്തുന്നു.

- ഋതു

#ഹോം #homemovie2021 #homemalayalammoviereview

Sunday, 11 April 2021

നായാട്ട്

 


കണ്ട് പഴകിച്ച സിനിമാ തുടക്ക അവസാനങ്ങളെ പറിച്ചു കളഞ്ഞിട്ട് വേണം ഈ സിനിമ കാണാൻ...

സാമൂഹിക രാഷ്ട്രീയ ജാതീയ വ്യവസ്ഥിതികൾ എങ്ങനെയൊക്കെ ഒരു മനുഷ്യനെ മുച്ചൂടും മുടിപ്പിക്കും എന്ന് ഏച്ചു കെട്ടലുകളും നിറങ്ങൾ ചാലിച്ച കൺക്കെട്ടുകളുമില്ലാതെ പച്ചയായ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു വച്ച് വരച്ചു കാണിച്ചിട്ടുണ്ട്...🔥

മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായൻ്റെ മുൻപത്തെ സിനിമകളുടെ ചുവടുപറ്റി അതും പ്രതീക്ഷിച്ചുപോയാൽ നിരാശയാകും ഭലം... ഇത് സംവിധായകൻ്റെ ഒരു വിപ്ലവമാണ്. ഒരു ജാതി രാഷ്ട്രിയത്തിൽ നിയമ വാഴ്‌ച്ച മനുഷ്യനെ എത്ര ക്രൂരമായി സ്വാധീനിക്കും എന്ന യാഥാർത്ഥ്യതിനെതിരെയുള്ള വിപ്ലവം...

നിമിഷ ജോജു കുഞ്ചാക്കോ മൂന്നുപേരും ഗംഭീര പ്രകടനം...🔥♥️


- ഋതു 


Wednesday, 17 February 2021

അറ്റൻഷൻ പ്ലീസ്




Attention Please 🔥

#25thiffk 

മുൻവിധിയൊന്നുമില്ലാതെ ട്രെയിലർ കണ്ടു കൊള്ളാമായിരിക്കും എന്ന് തോന്നിയത് കൊണ്ട് മാത്രം കയറിയ സിനിമ.

2019 ൽ ഒരു വീടിന്റെ അകവും ടെറസ്സും അടങ്ങുന്ന ലൊക്കേഷനിൽ 8 ദിവസത്തെ ഷൂട്ടിങ്ങിൽ സംവിധായകനും കൂട്ടരും അണിയിച്ചൊരുക്കിയ രണ്ട് മണിക്കൂർ നെഞ്ചിടിപ്പോടെ മുൾമുനയിൽ നിർത്തിയ ഗംഭീര സിനിമ. വ്യക്തമായ ജാതി രാഷ്ട്രീയ അടിച്ചമർത്തലുകളെ തെല്ലും കൂസാതെ വിളിച്ചു പറഞ്ഞ ഒരു ത്രില്ലർ. ഇങ്ങനേയും ഒരു ത്രില്ലർ എടുക്കാമെന്ന് സംവിധായകൻ തെളിയിച്ചു

Jithin Issac Thomas  ഈ പേര് നോട്ട് ചെയ്ത് വച്ചോ...മലയാള സിനിമയ്ക്ക് മുതൽ കൂട്ടാകുന്ന അനേകം സിനിമകൾ ഈ മനുഷ്യനിൽ നിന്ന് പിറക്കുന്ന കാലം വിതൂരമല്ല. 

Vishnu Govindan  സഹ നടനായി ചെറിയ ചെറിയ ഹാസ്യ റോളുകൾ അഭിനയിച്ച നടനിൽ നിന്നും ഒരു സിനിമയുടെ നട്ടെല്ല് ആയി മാറിയ മനുഷ്യൻ. രണ്ട് മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ടെങ്കിൽ അതിന് ഈ മനുഷ്യന്റെ പ്രകടനം വഹിക്കുന്ന പങ്ക് ചെറുതല്ല.

പിന്നെ Anand Manmadhan, Sreejith ഇവരും തകർത്തടുക്കിയിട്ടുണ്ട്. 😍👌

തീയറ്ററുകളിൽ ഇറങ്ങണം എന്നാണ് ആഗ്രഹം..ഇറങ്ങിയാൽ ധൈര്യമായി കയറാം തീർച്ചയായും ഈ പടം നിങ്ങളെ അത്ഭുതപ്പെടുത്തും... ❤️😍👌


ചുരുളി


ചുരുളി 🔥

25th iffk 

കണ്ട് കിളി പാറി തീയറ്ററിൽ നിന്നിറങ്ങി.

എന്താണ് സംഭവിച്ചത് എന്ന് ഒരുപിടിയും കിട്ടീല..

പിന്നീട് പടം കണ്ട കുറച്ചു സുഹൃത്തുക്കളുമായി സിനിമയെ കുറിച്ചു താത്വികമായ ഒരു അവലോകനം നടത്തി. ചർച്ചയിൽ ഓരോരുത്തരുടെയും കണ്ടുപിടിത്തങ്ങൾ  സിനിമയുടെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങളുടെ ഞെട്ടലോട് കൂടിയ തിരിച്ചറിവുകളാണ് തന്നത്. പക്ഷെ ഇപ്പോഴും കുറേയേറെ സംശയങ്ങൾ കുഴഞ്ഞു മറിഞ്ഞുകിടക്കുന്നുണ്ട്. ഒരുപക്ഷേ ഒരു തവണ കൂടി കാണുമ്പോൾ മനസിലായേക്കാവുന്നവ..

പക്ഷെ എല്ലാം കൊണ്ടും ഇങ്ങനെ ഒരു സിനിമാ അനുഭവം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. സംവിധാനം, ക്യാമറ, മ്യൂസിക്, സൗണ്ട് മിക്സിങ്.. എല്ലാം കൊണ്ട് ഗംഭീര തീയറ്റർ അനുഭവം തരുന്ന ഒന്ന്...

വീണ്ടുമൊരു ലിജോ ജോസ് പെല്ലിശ്ശേരി ( Lijo Jose Pellissery ) മാജിക്... ❤️🔥

Experience it, only in theatres 😍

#Churuli #ചുരുളി 

#LJP

#IFFK #25thiffk

തിങ്കളാഴ്ച്ച നിശ്ചയം


തിങ്കളാഴ്ച്ച നിശ്ചയം

2016 ൽ അവിചാരിതമായി വാട്ട്സപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ ഷെയർ ചെയ്തു വന്ന "0 - 41*" എന്നൊരു മലയാളം സിനിമയുടെ ട്രെയിലർ കാണാനിടയായി. ട്രെയ്‌ലർ കണ്ട് ഒരുപാട് ഇഷ്ടപെട്ട സിനിമ തീയറ്ററിൽ ഇറങ്ങാതെ പോയത് കൊണ്ട് കാണാൻ സാധിച്ചിരുന്നില്ല. പക്ഷെ അന്നേ Senna Hegde എന്ന സംവിധായകന്റെ പേര് മനസ്സിൽ പതിഞ്ഞിരുന്നു. 

അതുകൊണ്ട് തന്നെ ഒന്നും നോക്കാതെ സംവിധായകന്റെ പേര് കണ്ടത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ "തിങ്കളാഴ്ച്ച നിശ്ചയം" എന്ന സിനിമ iffk റിസർവ് ചെയ്ത് കാണാൻ കയറി. തെല്ലും നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല മനസ്സ് നിറഞ്ഞു തീയറ്ററിൽ നിന്ന് പുറത്ത് വരാനും കഴിഞ്ഞു.

പൂർണ്ണമായും പുതുമുഖങ്ങളെ അണി നിരത്തി കാഞ്ഞങ്ങാട് എന്ന കൊച്ചു ഗ്രാമത്തിൽ അണിയിച്ചൊരുക്കിയ ഗംഭീര സിനിമ. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തിൽ സ്നേഹത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും മാനുഷിക മൂല്യങ്ങൾക്കും ഉള്ള പ്രാധാന്യം വളരെ ലാളിത്ത്യത്തോടെ അവതരിപ്പിച്ച്, ചിതലരിച്ചു പിഞ്ഞി പഴകിയ ചിന്താഗതികൾക്ക് നേരെ കാർക്കിച്ചു തുപ്പി പച്ച ചീത്തകൾ കൊണ്ട് അഭിഷേകം ചൊരിയാതെ തിരിഞ്ഞു നിന്ന് ഒരു സെൽഫി എടുത്ത് അവസാനിക്കുന്ന ഒരു കുഞ്ഞു മനോഹര  മലയാള കുടുംബ ചിത്രം...

സംവിധാനം, സിനിമാറ്റൊഗ്രാഫി, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, അഭിനയ പ്രകടനങ്ങൾ...എല്ലാം ഒന്നിനൊന്ന് കിടിലങ്ങൾ...

തീയറ്ററിൽ ഇറങ്ങുമെങ്കിൽ ഒന്നുകൂടി കാണണം... 

Saturday, 9 January 2021

I Told Sunset About You

 I Told Sunset About You

സഹതാപം കൊണ്ട് മൂടപെട്ട ഒട്ടനവധി സ്വവർഗാനുരാഗ സിനിമകളും സീരീസുകളും ദിനപ്രതി കൂടി വരുന്നിടത്തേയ്ക്കാണ് "I Told Sunset About You" എന്ന ഈ മികച്ച തായ് സീരീസ്ന്റെ കടന്ന് വരവ്. മനുഷ്യ മനസിന്റെ വികാര വിചാരങ്ങൾ ഏറ്റവും മനോഹരമായി അവതിരിപ്പിക്കുന്നിടമായി തായി സിനിമകളെ പലപ്പോഴും തോന്നിയിട്ടുണ്ട്. 

സ്വവർഗ അനുരാഗികളോട് സഹതാപത്തിന്റെ കണ്ണിൽ സമൂഹം അവരെ വിലയിരുത്തി വിഷമംകൂറി അവസാനിക്കുന്ന, കണ്ടു മടുത്ത  സ്വവർഗ അനുരാഗ സിനിമകൾ, എന്നതിൽ കവിഞ്ഞ് അവരുടെ പ്രണയം ഒരു ആണും പെണ്ണും എന്നത് പോലെ എത്രത്തോളം മനോഹരമാണ് എന്ന് കാണിച്ചു തരുന്ന ഒന്ന്.

ഗംഭീര സിനിമാറ്റൊഗ്രാഫി യും അസാധ്യ സംവിധാന മികവും. വാക്കുകളാൽ കൊറിയിടുന്നതിനേകാളും കണ്ടറിയേണ്ട രണ്ട് ഗംഭീര അവസ്ഥകൾ... ഓരോ കഥാപാത്രങ്ങളുടെയും മികച്ച പെർഫോമൻസും മനോഹരമായ ഫ്രെയിംസും കളർ ഗ്രേഡിങും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എല്ലാം ഒന്നിനൊന്ന് മികച്ചത്. 

അഞ്ച് എപ്പിസോഡുള്ള ആദ്യ സീസൺ അവസാനിക്കുമ്പോൾ പ്രണയ കഥകളിൽ ആണും പെണ്ണും ചുംബിക്കുമ്പോഴും രതികാമനകളിൽ ഉല്ലസിക്കുമ്പോഴും ഉള്ളിൽ പ്രണയത്തിന്റെ വല്ലാത്തൊരു അനുഭൂതി അവശേഷിച്ചു കടന്നു പോകുന്ന കഥകൾക്ക് മുകളിൽ അതിലേറെ അനുഭൂതി തന്ന് നിസ്വാർത്ഥമായ സൗഹൃദവും പ്രണയവും കൊണ്ട് ഓരോ കഥാപാത്രങ്ങളും മനസിൽ പതിയുന്ന, പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതിയിൽ കാത്തിരിക്കുന്നു രണ്ടാമത്തെ സീസൺന്റെ വരവിന്...😍❤️

-ഋതു