2023 ഡിസംബറിന്റെ തണുപ്പിലെ വെണ്ണിലാ രാത്രിയിൽ കരിമഷി പുരളാത്ത കണ്ണുകൾക്ക് നെറുകിൽ ചുംബിച്ച് പ്രണയനിർഭരമായി വരവേറ്റ പുതുവർഷം ഏതാനും നിമിഷങ്ങൾക്കുള്ളിൽ യാത്ര പറയാൻ വെമ്പുമ്പോൾ ഓർത്തെടുക്കാൻ സന്തോഷങ്ങളേറെയാണ്.
2024, എനിക്ക് യാത്രകളുടെ വർഷമാണ്. ആദ്യമായി അന്ത്രാരാഷ്ട്ര യാത്രകൾ നടത്തിയ വർഷം. മെയ് മാസത്തിൽ ആദ്യമായി ജോർദാനിലേക്ക്. ലോകാത്ഭുതങ്ങളിൽ ഒന്നായ പെട്ര കണ്ട് തരിച്ച് നിന്ന നിമിഷങ്ങൾ. മരുഭൂമിയിലെ രാവും പകലും, തണുപ്പും ചൂടും, മണൽകാറ്റും മനുഷ്യരും തന്ന പുതു അനുഭവങ്ങൾ. ജോർദാന്റെ കാഴ്ചകൾ കണ്ണിൽ രോമാഞ്ചത്തിന്റെ ചൂട് പകർന്ന് നിന്നപ്പോൾ ജൂൺ മാസം ഒരുക്കി വച്ചത് ഭൂട്ടാന്റെ പച്ചപ്പിനെയായിരുന്നു. ഓരോ ശ്വാസത്തിലും ഉള്ളിലേക്കെടുക്കുന്ന നിർമലമായ തണുത്ത വായുവും, ചുണ്ടിലൊരു ചിരിയോടെ നമ്മെ സ്വീകരിച്ച ഭൂട്ടാനിലെ സ്നേഹ സമ്പന്നരായ മനുഷ്യരും ഈ വർഷത്തിലെ ഏറ്റവും മികച്ച യാത്രയുടെ ഓർമ്മയിൽ എന്നും സൂക്ഷിക്കപ്പെടും. ലോകരാജ്യങ്ങളിൽ രണ്ടെണ്ണം കറങ്ങി നിലത്തിറങ്ങി, മലകയറിയത് പതിനെട്ട് പടി ചവിട്ടി അയ്യപ്പനെ കണ്ട് തൊഴാനായിരുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ശബരിമല യാത്രയായി അത് മാറിയതും, എന്തോ നിയോഗം പോലെ തോന്നുന്നു. അവിടുന്ന് അമ്മൂന്റെ നിശ്ചയപ്പ് കൂടാൻ ഹരിപ്പാപ്പാടേയ്ക്കും അത് കഴിഞ്ഞ് വീണ്ടും ജോർദാനിലേക്കും ഒരു വട്ടം കൂടി പോയി യാത്രകൾ അവസാനിച്ചപ്പോൾ കിട്ടിയ അനുഭവങ്ങളും പഠിച്ച പാഠങ്ങളും ഒത്തിരിയാണ്.
സിനിമാ മോഹി എന്ന നിലയ്ക്ക് സിനിമകളാൽ അത്രമേൽ തൃപ്തി തന്ന വർഷം കൂടിയായിരുന്നു 2024. ജനുവരിമുതൽ ഡിസംബറിൽ iffk യ്ക് അടക്കം കണ്ട് തീർത്ത സിനിമകളിൽ മുക്കാലും മനസ്സ് നിറച്ച സിനിമകൾ. എന്നെ ഞാനായി നിർത്തുന്ന ഇഷ്ടങ്ങളിൽ എഴുത്തും വായനയും മാത്രമാണ് എവിടൊക്കെയോ കുടുങ്ങി കിടന്നത്. ഇൻസ്റ്റയിൽ കുറിക്കുന്നത് അല്ലാതെ പേപ്പറും പേനയും എടുത്ത് എന്തെങ്കിലും എഴുതാൻ ഈ വർഷം സാധിച്ചില്ല എന്നത് വിഷമകരമായി അവശേഷിക്കുന്നു. പാതി വഴിയിൽ ഉപേഷിച്ച തിരക്കഥകൾ ഒക്കെയും കളിയാക്കി ചിരിക്കുന്നു. ഒടുവിൽ വായിച്ചത് “പ്രേമനഗരമാണ്”. അതിന് മുന്നേ വാങ്ങിച്ചു കൂട്ടിയ പുസ്തകങ്ങൾ ഒക്കെ ഷെൽഫിൽ ഇരുന്ന് കൊഞ്ഞനം കുത്തി കാണിക്കുമ്പോൾ നെഞ്ച് ഒന്ന് പൊള്ളും.
2025 പിറക്കുമ്പോൾ പ്രിയപ്പെട്ട മനുഷ്യരേയും ചേർത്ത് പിടിച്ച്, ഉള്ളിലുള്ള പ്രണയത്തിനേ കൂടുതൽ കരുത്തോടെ വെണ്ണില്ലാവിലേക്ക് തുറന്ന് വിട്ട്, നഷ്ടമായ ഇഷ്ടങ്ങളുടെ വീണ്ടെടുപ്പിന്റെ വർഷമാകണം പുതുവർഷം എന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട മനുഷ്യർക്ക് പുതുവത്സരാശംസകൾ…❤️
- ഋതു